ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK) അധികാരം പിടിച്ചെടുത്തതിന് പിന്നാലെ തനിക്കെതിരെ ഉയർന്ന രാഷ്ട്രീയ ആരോപണങ്ങൾക്ക് കൃത്യമായ മറുപടിയുമായി സൂപ്പർതാരം രജനീകാന്ത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിച്ചതിനെക്കുറിച്ചും വിജയ്‌യുടെ വിജയത്തിൽ തനിക്ക് അസൂയയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെക്കുറിച്ചും താരം മനസ്സ് തുറന്നു. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെ തനിക്കെതിരെ ഉയർന്ന ഓരോ വിമർശനങ്ങളും എണ്ണിപ്പറഞ്ഞാണ് രജനീകാന്ത് നിലപാട് വ്യക്തമാക്കിയത്.
“തിരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ ഞാൻ സ്റ്റാലിൻ സാറിനെ പോയി കണ്ടത് വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായി. സ്റ്റാലിൻ കഴിഞ്ഞ 40 വർഷത്തോളമായി എന്റെ അടുത്ത സുഹൃത്താണ്. എന്റെ വ്യക്തിപരമായ സൗഹൃദങ്ങൾ രാഷ്ട്രീയത്തിന് അതീതമാണ്. ജനാധിപത്യത്തിൽ ജയവും പരാജയവും സാധാരണമാണ്. എന്നാൽ സ്റ്റാലിൻ സാർ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെട്ടത് എനിക്ക് വ്യക്തിപരമായി വലിയ വിഷമം ഉണ്ടാക്കി. അതുകൊണ്ടാണ് ഒരു സുഹൃത്ത് എന്ന നിലയിൽ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ഞാൻ നേരിട്ട് പോയത്.
എന്നാൽ വിജയ് മുഖ്യമന്ത്രിയാകുന്നത് തടയാനാണ് ഞാൻ പോയതെന്നും, രണ്ട് വലിയ ദ്രാവിഡ പാർട്ടികളെ ഒന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നുമൊക്കെയാണ് ചിലർ കെട്ടിച്ചമച്ചുണ്ടാക്കിയ വിമർശനങ്ങൾ,” രജനീകാന്ത് വിശദീകരിച്ചു.വിജയ് മുഖ്യമന്ത്രിയായപ്പോൾ താൻ അഭിനന്ദനം അറിയിച്ചില്ലെന്ന പ്രചാരണവും തെറ്റാണെന്ന് രജനീകാന്ത് ചൂണ്ടിക്കാണിച്ചു. വിജയ് വിജയിച്ച ഉടൻ തന്നെ തന്റെ ഔദ്യോഗിക എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. വിമാനത്താവളത്തിൽ വെച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മറുപടി നൽകാതെ പോയത് തിരക്കുകൾ മൂലമുണ്ടായ തെറ്റിദ്ധാരണ മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
വിജയ്‌യുടെ വളർച്ചയിൽ തനിക്ക് അസൂയയുണ്ടെന്ന വിമർശനങ്ങളെ താരം ചിരിയോടെയാണ് നേരിട്ടത്. “ഞാൻ രാഷ്ട്രീയത്തിൽ ഉള്ള ആളല്ല. രാഷ്ട്രീയത്തിലില്ലാത്ത എനിക്ക് എന്തിനാണ് അസൂയ തോന്നുന്നത്? ഒരുപക്ഷേ എന്റെ സുഹൃത്ത് കമൽ ഹാസനാണ് മുഖ്യമന്ത്രിയായിരുന്നതെങ്കിൽ എനിക്ക് അസൂയ തോന്നിയേനെ,” എന്ന് താരം തമാശരൂപേണ പറഞ്ഞു. “എനിക്കും വിജയ്ക്കും ഇടയിൽ ഏകദേശം 25 വർഷത്തെ പ്രായവ്യത്യാസമുണ്ട് (ജനറേഷൻ ഗ്യാപ്പ്). ചെറുപ്പം മുതൽ ഞാൻ അയാളെ കാണുന്നതാണ്. എം.ജി.ആർ, എൻ.ടി.ആർ എന്നിവരുടേതിനേക്കാൾ വലിയ നേട്ടമാണ് 52-ാം വയസ്സിൽ വിജയ് സ്വന്തമാക്കിയിരിക്കുന്നത്.
കേന്ദ്രം ഭരിക്കുന്ന വലിയ പാർട്ടിയായ ബി.ജെ.പിയേയും തമിഴ്‌നാട്ടിലെ രണ്ട് വലിയ ദ്രാവിഡ പാർട്ടികളേയും ഒറ്റയ്ക്ക് നേരിട്ടാണ് വിജയ് ഈ ചരിത്രവിജയം നേടിയത്. അതും നമ്മുടെ സിനിമാലോകത്തുനിന്നുള്ള ഒരാൾ. എനിക്ക് അസൂയയല്ല, മറിച്ച് അത്ഭുതവും വലിയ സന്തോഷവുമാണ് തോന്നുന്നത്,” രജനീകാന്ത് വ്യക്തമാക്കി.പുതിയ മുഖ്യമന്ത്രിയെക്കുറിച്ച് തമിഴ് ജനതയ്ക്ക് വലിയ പ്രതീക്ഷകളാണുള്ളതെന്നും വിജയ് അത് തീർച്ചയായും നിറവേറ്റുമെന്ന വിശ്വാസം തനിക്കുണ്ടെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു.
എന്നാൽ ഒരു പുതിയ സർക്കാരിന് കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കണം. വിജയ്‌യുടെ അനുയായികളും ആരാധകരും ഈ സമയത്ത് അതീവ ശ്രദ്ധയോടെ പെരുമാറണമെന്നും, അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ തെറ്റുകൾ പോലും വിജയ് എന്ന ഭരണാധികാരിക്ക് ദോഷം ചെയ്യുമെന്ന കാര്യം മറക്കരുതെന്നും രജനീകാന്ത് ഓർമ്മിപ്പിച്ചു.
Superstar Rajinikanth has dismissed rumors alleging that he is jealous of actor Vijay becoming the Chief Minister of Tamil Nadu. Clarifying his recent meeting with former CM M.K. Stalin, Rajinikanth stated it was a purely personal visit to comfort a friend of 40 years who lost in Kolathur. Praising Vijay’s monumental victory against major political powerhouses at the age of 52, Rajinikanth expressed pride in a fellow cinema star’s achievement and advised fans to remain disciplined to support the new government.


