KeralaNews

രാജീവ് ചന്ദ്രശേഖര്‍ ‘നായര്‍’ ആണ്… രണ്ട് ദിവസം, രണ്ട് പരസ്യങ്ങള്‍! പത്രത്തില്‍ പ്രസിദ്ധീകരിച്ചത്

കൊച്ചി:വ്യവസായി കൂടിയായ രാജീവ് ചന്ദ്രശേഖറിനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ കേരളത്തിലെ ബിജെപിയുടെ ഔദ്യോഗിക നേതൃത്വം മാത്രം അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നില്ല എന്നൊരു ആക്ഷേപമുണ്ട്. തൃശൂര്‍ ജില്ലയിലെ കൊണ്ടയൂര്‍ ആണ് രാജീവ് ചന്ദ്രശേഖറിന്റെ തറവാട്ടുവീട്.

തനി മലയാളിയാണ് രാജീവ് ചന്ദ്രശേഖര്‍ എന്ന് എന്തായാലും അദ്ദേഹം കേന്ദ്രമന്ത്രിയാകും മുമ്പ് തന്നെ എല്ലാവരും അറിഞ്ഞിരുന്നു. പക്ഷേ, അദ്ദേഹം ഒരു ‘നായര്‍’ സമുദായക്കാരന്‍ ആണെന്ന് അറിയാന്‍ പക്ഷേ, കുറച്ച് ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നു! അതിന് വഴിവച്ചത് മാതൃഭൂമി പത്രത്തില്‍ വന്ന രണ്ട് പരസ്യങ്ങളാണ്. അതൊന്ന് പരിശോധിക്കാം.

മന്നത്ത് പത്മനാഭനെ കേരളത്തിലെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളില്‍ ഒരാളായിട്ടാണ് കണക്കാക്കുന്നത്. നായര്‍ സമുദായത്തിന് വേണ്ടി അദ്ദേഹം ചെയ്തിട്ടുള്ള കാര്യങ്ങളാണ് അത്തരമൊരു വിശേഷണം ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്. രജീവ് ചന്ദ്രശേഖര്‍ ‘നായര്‍’ സമുദായത്തില്‍ പെട്ട ആളാണെന്ന് ലോകത്തെ അറിയിച്ചതിന്റെ ക്രെഡിറ്റ് എന്തായാലും മന്നത്ത് പത്മനാഭന്റെ കൊച്ചുമകനാണ്.

കേന്ദ്രമന്ത്രിയായി ചുമതല ഏറ്റെടുത്ത രാജീവ് ചന്ദ്രശേഖറിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന് കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചത് കേരളത്തിനും പ്രത്യേകിച്ച് നായര്‍ സമുദായത്തിനും അഭിമാനാര്‍ഹമാണ്. ഇത് ലഭ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയ്ക്ക് മുഴുവന്‍ നായര്‍ സമാജത്തിന്റേയും അകമഴിഞ്ഞ നന്ദി- ഇങ്ങനെയാണ് പരസ്യത്തിലെ വരികള്‍. ഏറ്റവും അടിയല്‍ പരസ്യം നല്‍കിയ ആളുടെ ഫോട്ടോയും പേരും ഉണ്ട്- ഡോ ബാലശങ്കര്‍ മന്നത്ത്(മന്നത്ത് പത്മനാഭന്റെ കൊച്ചുമകന്‍).

ജൂലായ് 12 ന് ആയിരുന്നു മന്നത്ത് പത്മനാഭന്റെ കൊച്ചുമകന്‍ നല്‍കിയ പരസ്യം അച്ചടിച്ചുവന്നത്. അതിന്റെ തൊട്ടടുത്ത ദിവസം മറ്റൊരു പരസ്യം കൂടി വന്നു. ഗ്ലോബല്‍ നായര്‍ സേവാ സമാജിന്റെ പേരില്‍ ആയിരുന്നു അത്. ‘ശ്രീ രാജീവ് ചന്ദ്രശേഖറിനെ മന്ത്രിയായി നിയമിച്ചുകൊണ്ട് കേന്ദ്രമന്ത്രിസഭയില്‍ സമുദായത്തിന് പ്രാതിനിധ്യം നല്‍കിയ, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി’- എന്നാണ് പരസ്യത്തിലെ വാചകം.

മന്നത്ത് പത്മനാഭന്റെ കൊച്ചുമകന്‍ മുഴുവന്‍ നായര്‍ സമുദായാംഗങ്ങള്‍ക്കും വേണ്ടി ഒറ്റയ്ക്ക് നല്‍കിയ പരസ്യത്തില്‍ രാജീവ് ചന്ദ്രശേഖറിന് അഭിനന്ദനവും മോദിജിയ്ക്ക് നന്ദിയും ഉണ്ടായിരുന്നു. എന്നാല്‍ ആഗോള നായര്‍ സേവാ സമാജ് നല്‍കിയ പരസ്യത്തില്‍ അഭിനന്ദനമില്ല, നരേന്ദ്ര മോദിക്ക് നായര്‍ സമുദായത്തിന്റെ കവ നന്ദി മാത്രമേ ഉണ്ടായിരുന്നുള്ളു.

കേരളത്തില്‍ എന്തായാലും നായര്‍ സമുദായത്തിന്റെ ഏറ്റവും വലിയ സംഘടന എന്‍എസ്എസ് തന്നെയാണ്. അവര്‍ രാജീവ് ചന്ദ്രശേഖറിന് വേണ്ടി പരസ്യമൊന്നും കൊടുത്തിട്ടില്ല. എന്നാല്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച നടത്തി. യുവാക്കളെ സംരംഭകരാക്കണമെന്ന് എന്‍എസ്എസിനോട് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെടുകയും ചെയ്തു.

രാജീവ് ചന്ദ്രശേഖറിന്റെ പേരില്‍ എന്തായാലും ജാതിയില്ല. അദ്ദേഹത്തിന്റെ പിതാവ് വ്യോമസേനയില്‍ എയര്‍ കമ്മോദോര്‍ ആയിരുന്ന എംകെ ചന്ദ്രശേഖര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പേരിലും ജാതിവാല്‍ ഇല്ല. രാജീവ് ചന്ദ്രശേഖറിന്റെ അമ്മയുടെ പേര് ആനന്ദവല്ല അമ്മ എന്നാണ്. അതിലും ജാതിവാലില്ല. അനിയത്തിയുടെ പേര് ഡോ ദയ മേനോന്‍ എന്നാണ്.

എന്തായാലും രണ്ട് പരസ്യങ്ങള്‍ കൊണ്ടും ഒരു ഗുണം ഉണ്ടായി. രാജീവ് ചന്ദ്രശേഖര്‍ നായര്‍ സമുദായക്കാരന്‍ ആണെന്ന് മലയാളികളില്‍ വലിയൊരു വിഭാഗവും അറിഞ്ഞു. അതോടൊപ്പം തന്നെ മറ്റൊരു കേന്ദ്രമന്ത്രിയായ വി മുരളീധരന്റെ ജാതിയെന്തെന്ന അന്വേഷണവും ഒരു വിഭാഗം തുടങ്ങിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button