31.1 C
Kottayam
Wednesday, May 15, 2024

ഗുജറാത്തിനെതിരേ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു

Must read

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ് തിരഞ്ഞെടുത്തു. രാജസ്ഥാന്‍ കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി. ഗുജറാത്തില്‍ ഒരു മാറ്റമാണുള്ളത്. അല്‍സാരി ജോസഫിന് പകരം ലോക്കി ഫെര്‍ഗൂസന്‍ ടീമിലിടം നേടി.

ആരു ജയിച്ചാലും കിരീടത്തില്‍ പുതിയൊരു ക്യാപ്റ്റന്റെ പേരു പതിയും. പ്രാഥമികഘട്ടത്തിലും ആദ്യ ക്വാളിഫയറിലുമായി രാജസ്ഥാനെതിരായ രണ്ടു കളികളിലും ജയം ഗുജറാത്തിനായിരുന്നു. ആദ്യ ഐ.പി.എലിനിറങ്ങിയ ഗുജറാത്തിന്റെ കുതിപ്പ് സ്വപ്നതുല്യമായിരുന്നു. പ്രാഥമിക റൗണ്ടിലും പ്ലേ ഓഫിലുമായി 15 കളിയില്‍ 11-ലും ജയിച്ചാണ് ഫൈനലിലെത്തിയത്. പ്രാഥമിക റൗണ്ടില്‍ പത്തു ജയത്തോടെ ഒന്നാംസ്ഥാനക്കാര്‍. ഒന്നാം ക്വാളിഫയറില്‍ രാജസ്ഥാനെ തോല്‍പ്പിച്ച് ഫൈനലില്‍.

ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീം, ഓള്‍റൗണ്ട് മികവിലൂടെയാണ് കുതിച്ചത്. വ്യക്തിഗത പ്രകടനങ്ങളേക്കാള്‍ ടീമെന്ന നിലയില്‍ അവര്‍ മികച്ചുനിന്നു. ഹാര്‍ദിക് പാണ്ഡ്യ (453), ഡേവിഡ് മില്ലര്‍ (449), ശുഭ്മാന്‍ ഗില്‍ (438) എന്നിവര്‍ സീസണിലെ റണ്‍നേട്ടത്തില്‍ ആദ്യ പത്തിലുണ്ട്. രാഹുല്‍ തെവാട്ടിയ, ഡേവിഡ് മില്ലര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നീ ഫിനിഷര്‍മാര്‍ ഏതു മത്സരത്തെയും തങ്ങള്‍ക്കനുകൂലമാക്കി മാറ്റും. ബൗളിങ്ങില്‍ മുഹമ്മദ് ഷമി (19 വിക്കറ്റ്), റാഷിദ് ഖാന്‍ (18) എന്നിവര്‍ ആദ്യ പത്തിലുണ്ട്.

2008-ലെ പ്രഥമ സീസണില്‍ ജേതാക്കളായശേഷം രാജസ്ഥാന് ആദ്യ ഫൈനലാണിത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ലോകത്തെ ഒന്നാംനിര താരങ്ങള്‍ ടീമിലുണ്ട്. എന്നാല്‍, ടീം മികവിനേക്കാള്‍ വ്യക്തിഗത പ്രകടനങ്ങളാണ് ടീമിനെ മുന്നോട്ടുനയിച്ചത്. സീസണില്‍ നാലു സെഞ്ചുറി നേടിയ ജോസ് ബട്ലറുടെ പ്രകടനം എടുത്തുപറയണം. 824 റണ്‍സുമായി ഇക്കുറി മുന്നിലാണ് ബട്ലര്‍. സഞ്ജു സാംസണും (444) ആദ്യ പത്തിലുണ്ട്. 26 വിക്കറ്റുനേടിയ യുസ്വേന്ദ്ര ചാഹല്‍ ബൗളര്‍മാരില്‍ മുന്‍നിരയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week