പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചു
അമൃത്സര്‍: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജവഹര്‍കേയിലെ മാന്‍സയില്‍ വെച്ചാണ് സിദ്ദുവിന് വെടിയേറ്റത്. 30 റൗണ്ടാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ സിദ്ദു ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും സിദ്ദുവിന്റെ മരണം സ്ഥിരീകരിച്ചു.
ആരാണ് ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.
പഞ്ചാബില്‍ സിദ്ദു ഉള്‍പ്പെടെ 424 വിഐപികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ കഴിഞ്ഞദിവസം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. താല്‍ക്കാലിക നടപടിയാണെന്നായിരുന്നു വിശദീകരണം. തൊട്ടടുത്ത ദിവസമാണ് സിദ്ദു വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.