31.1 C
Kottayam
Wednesday, May 15, 2024

ബാറ്റിങ് നിര തകർന്നു, രാജസ്ഥാനെതിരേ ഗുജറാത്തിന് 131 റൺസ് വിജയലക്ഷ്യം

Must read

അഹമ്മദാബാദ്:2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് 131 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഗുജറാത്ത് ബൗളര്‍മാരാണ് പേരുകേട്ട രാജസ്ഥാന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. 39 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ പിടിച്ചുനിന്നത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ദോസ് ബട്‌ലറും ചേര്‍ന്ന് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറില്‍ ജയ്‌സ്വാളിനെ മടക്കി യാഷ് ദയാല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 16 പന്തുകളില്‍ നിന്ന് 22 റണ്‍സെടുത്ത ജയ്‌സ്വാള്‍ സായ് കിഷോറിന് ക്യാച്ച് നല്‍കി മടങ്ങി.

ജയ്‌സ്വാളിന് പകരം നായകന്‍ സഞ്ജു സാംസണ്‍ ക്രീസിലെത്തി. സഞ്ജുവിനെ കൂട്ടുപിടിച്ച് ബട്‌ലര്‍ ടീമിനെ മുന്നോട്ട് നയിച്ചു. 6.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. പക്ഷേ സഞ്ജുവിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. അനാവശ്യ ഷോട്ടിന് ശ്രമിച്ച സഞ്ജു ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സായ് കിഷോറിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 11 പന്തുകളില്‍ നിന്ന് 14 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.സഞ്ജുവിന് പകരം ദേവ്ദത്ത് പടിക്കലാണ് ക്രീസിലെത്തിയത്.

ഗുജറാത്ത് ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞതോടെ രാജസ്ഥാന്റെ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. സഞ്ജുവിന് പകരം വന്ന ദേവ്ദത്ത് റണ്‍സ് കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി. ഒടുവില്‍ 10 പന്തുകളില്‍ നിന്ന് വെറും രണ്ട് റണ്‍സ് മാത്രമെടുത്ത ദേവ്ദത്തിനെ റാഷിദ് ഖാന്‍ മുഹമ്മദ് ഷമിയുടെ കൈയ്യിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ രാജസ്ഥാന്റെ പ്രതീക്ഷയായ ജോസ് ബട്‌ലറും പുറത്തായി.

ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച് നല്‍കി ബട്‌ലര്‍ മടങ്ങി. 35 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയുടെ സഹായത്തോടെ 39 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ബട്‌ലര്‍ പുറത്തായ ശേഷം ഷിംറോണ്‍ ഹെറ്റ്‌മെയറും അശ്വിനും ക്രീസിലൊന്നിച്ചു. രണ്ട് ബൗണ്ടറി നേടിക്കൊണ്ട് ഹെറ്റ്‌മെയര്‍ തുടങ്ങിയെങ്കിലും താരത്തെ ഹാര്‍ദിക് പുറത്താക്കി. സ്വന്തം പന്തില്‍ തന്നെ ക്യാച്ചെടുത്താണ് ഹാര്‍ദിക് 11 റണ്‍സെടുത്ത ഹെറ്റ്‌മെയറെ പറഞ്ഞുവിട്ടത്. ഇതോടെ രാജസ്ഥാന്‍ 94 ന് അഞ്ച് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

പിന്നാലെ അശ്വിനും പുറത്തായി. സായ് കിഷോറിന്റെ പന്തില്‍ സിക്‌സ് നേടാനുള്ള അശ്വിന്റെ ശ്രമം ഡേവിഡ് മില്ലറുടെ കൈയ്യിലൊതുങ്ങി. ആറ് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 16.2 ഓവറിലാണ് ടീം സ്‌കോര്‍ 100 കടന്നത്. റിയാന്‍ പരാഗും ട്രെന്റ് ബോള്‍ട്ടുമാണ് അവസാന ഓവറുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പക്ഷേ ടീം സ്‌കോര്‍ 112-ല്‍ നില്‍ക്കേ ട്രെന്റ് ബോള്‍ട്ട് പുറത്തായി. 11 റണ്‍സെടുത്ത ബോള്‍ട്ടിനെ സായ് കിഷോര്‍ തെവാത്തിയയുടെ കൈയ്യിലെത്തിച്ചു.

ബോള്‍ട്ടിന് പകരം ഒബെഡ് മക്കോയിയാണ് ക്രീസിലെത്തിയത്. ഒരു സിക്‌സടിച്ചുകൊണ്ട് മക്കോയ് ടീം സ്‌കോര്‍ 120 കടത്തി. റിയാന്‍ പരാഗ് അവസാന ഓവറുകളില്‍ പരാജയമായി. സ്‌കോറുയര്‍ത്താന്‍ ബാറ്ററായ പരാഗിന് സാധിച്ചില്ല. അവസാന ഓവറില്‍ മക്കോയ് റണ്‍ ഔട്ടായി. പരാഗ് 15 റണ്‍സെടുത്ത് പുറത്തായി.

ഗുജറാത്തിന് വേണ്ടി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ നാലോവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്തു. സായ് കിഷോര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week