FeaturedHome-bannerNationalNews

ന്യൂസ് ക്ലിക്ക് കേസ്: പ്രബീര്‍ പുരകായസ്‌തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: യു.എ.പി.എ. കേസിൽ ന്യൂസ്ക്ലിക്ക് എഡിറ്റര്‍ പ്രബീർ പുരകായസ്തയുടെ റിമാൻഡ് നിയമവിരുദ്ധമാണെന്ന്‌ സുപ്രീംകോടതി. പുരകായസ്തയെ ഉടൻ വിട്ടയക്കണമെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. അറസ്റ്റ് ചെയ്യുന്ന സമയത്ത് അതിനുള്ള കാരണം പ്രബീർ പുരകായസ്തയെ അറിയിച്ചില്ല. അതിനാൽ യു.എ.പി.എ. ചുമത്തിയുള്ള ഡല്‍ഹി പൊലീസിന്‍റെ അറസ്റ്റും റിമാന്‍‍ഡും നിയമവിരുദ്ധമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അറസ്റ്റിന്‍റെ നടപടിക്രമങ്ങള്‍ ഡല്‍ഹി പോലീസ് പാലിച്ചില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് ഡൽഹി പോലീസിനും കേന്ദ്രസർക്കാരിനും കനത്ത തിരിച്ചടിയാണ്‌. ചൈന അനുകൂല പ്രചാരണത്തിനായി പണം സ്വീകരിച്ചുവെന്ന ആരോപണത്തിലാണ്‌ യു.എ.പി.എ. ചുമത്തി ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീർ പുര്‍കായസ്തയ്ക്ക് എതിരെ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രബീർ പുരകായസ്തക്ക് എതിരെ ഡൽഹി പോലീസ് എഫ്.ഐ.ആറില്‍ പറഞ്ഞിരുന്ന കാര്യങ്ങൾ ഇവയാണ്: ചൈനയിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് സർക്കാരിന്റെ നയങ്ങൾക്കും വികസന പദ്ധതികൾക്കുമെതിരെ പെയ്ഡ് വാർത്തകൾ സൃഷ്ടിച്ചു. ചൈനീസ് സർക്കാരിന്റെ നയങ്ങളും, പദ്ധതികളെയും പ്രതിരോധിക്കാനും ശ്രമിച്ചു. ചൈനീസ് ടെലികോം കമ്പനികൾക്ക് എതിരായ കേസുകളിൽ നിയമ സഹായം നൽകാൻ പ്രത്യേക സംഘം പ്രവർത്തിച്ചു. ഇവർക്ക് ടെലികോം കമ്പനികളുടെ സഹായം ലഭിച്ചു എന്നും പ്രബീർ പുരകായസ്തക്ക് എതിരെ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി പോലീസ് ആരോപിച്ചിരുന്നു.

പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്കുലറിസം (പി.എ.ഡി.എസ്.) എന്ന സംഘടനയുമായി ചേർന്ന് 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പ്രബീർ പുരകായസ്ത ശ്രമിച്ചു എന്നാണ് എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നത്. ജമ്മു കശ്മീരും അരുണാചൽ പ്രദേശും ഇന്ത്യയുടെ ഭാഗം അല്ലെന്ന് വരുത്താൻ ന്യൂസ്ക്ലിക് സ്ഥാപകനും കൂട്ടാളികളും ശ്രമിച്ചു. ഈ രണ്ട് പ്രദേശങ്ങളും തർക്ക ഭൂമി ആണെന്ന് ആഭ്യന്തരതലത്തിലും, അന്തരാഷ്ട്രതലത്തിലും വരുത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായി. ഇത് ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയക്കും എതിരായ പ്രവർത്തനമാണെന്ന്‌ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നു.

വിദേശത്ത് നിന്ന് ലഭിച്ച ഫണ്ടുകൾ ഉപയോഗിച്ച് കർഷക സമരത്തെ പിന്തുണച്ച് അവശ്യസാധനങ്ങളുടെ വിതരണം തടസ്സപെടുത്താൻ ശ്രമിച്ചു. ഇതിനായി വിദേശ ശക്തികളുമായി സഖ്യത്തിൽ പ്രവർത്തിച്ചു. രാജ്യത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും കോടികളുടെ നഷ്ടം ഉണ്ടാക്കുകയും ആയിരുന്നു ഈ സഖ്യത്തിന്റെ ലക്‌ഷ്യം.സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു. രാജ്യതാത്പര്യത്തിന് വിരുദ്ധമായി ഇന്ത്യൻ വാക്സിൻ നിർമ്മാണ കമ്പനികൾക്ക് എതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു. രാജ്യവിരുദ്ധ ശക്തികളുമായി ചേർന്നാണ് ഈ പ്രവർത്തനം എന്നും എഫ്.ഐ.ആറില്‍ വിശദീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button