ഉത്സവം മാറ്റിവെക്കണം; ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തര്‍ വേണ്ടെന്ന് തന്ത്രി
പത്തനംതിട്ട: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഭക്തരെ അനുവദിക്കേണ്ടെന്ന് ചൂണ്ടിക്കാട്ടി തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ദേവസ്വം കമ്മീഷണര്‍ക്ക് കത്ത് നല്‍കി. ഉത്സവം മാറ്റിവയ്ക്കുന്നതാണ് നല്ലതെന്നും തന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. മിഥുനമാസപൂജയ്ക്കായി ചൊവ്വാഴ്ച നട തുറക്കാനിരിക്കെയാണ് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തന്ത്രി കത്ത് നല്‍കിയിരിക്കുന്നത്.
ഇപ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് കൊവിഡ് രോഗ വ്യാപനത്തിന് ഇടയാക്കിയേക്കുമെന്ന് കത്തില്‍ തന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആര്‍ക്കെക്കെങ്കിലും രോഗ ബാധ സ്ഥിരീകരിച്ചാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യമുണ്ടാകും.
അങ്ങനെ സംഭവിച്ചാല്‍ ഉത്സവ ചടങ്ങുകള്‍ ആചാരപ്രകാരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. രോഗ വ്യാപനത്തിന്റെ സാധ്യത കൂടി കണക്കിലെടുത്ത് ഉത്സവം മാറ്റി വയ്ക്കണമെന്നത് അംഗീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.