കൊൽക്കത്ത∙ തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ രാജസ്ഥാൻ റോയൽസിനെ വിജയത്തിലെത്തിച്ചപ്പോഴും, തനിക്കു പറ്റിയ പിഴവ് സമ്മതിച്ച് യശസ്വി ജയ്സ്വാൾ. തന്റെ തെറ്റായ തീരുമാനം കാരണമാണ് ഓപ്പണർ ജോസ് ബട്‍ലർ പുറത്തായതെന്ന് മത്സരശേഷം യശസ്വി ജയ്സ്വാൾ പ്രതികരിച്ചു. ‘‘ഞാൻ ജോസ് ഭായിയിൽനിന്നു ഒരുപാടു കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. എന്നാൽ എന്റെ തെറ്റായ തീരുമാനം കാരണമാണ് ജോസ് ഭായ് പുറത്തായത്. ക്രിക്കറ്റിൽ ഇതൊക്കെ സംഭവിക്കുമെന്ന് എല്ലാവർക്കും അറിയാം. ആരും ബോധപൂർവം ചെയ്യുന്ന കാര്യമല്ല.’’– മത്സരത്തിനു ശേഷം യശസ്വി ജയ്സ്വാൾ പറഞ്ഞു.
‘‘സഞ്ജു ഭായ് ബാറ്റു ചെയ്യാനെത്തിയപ്പോൾ പ്രശ്നമൊന്നുമില്ലെന്നു പറഞ്ഞു. നന്നായി കളിക്കാനാണ് ആവശ്യപ്പെട്ടത്. കൊൽക്കത്ത ക്യാപ്റ്റൻ നിതീഷ് ഭായ് ആദ്യ ഓവർ എറിയാനെത്തിയപ്പോൾ അദ്ഭുതമൊന്നും തോന്നിയില്ല. കാരണം ന്യൂബോളില്‍ കൊൽക്കത്ത സ്പിന്നർമാരെ ഉപയോഗിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. കൊൽക്കത്തയ്ക്കെതിരെ സിക്സ് അടിക്കാനായിരുന്നു താൽപര്യം. പക്ഷേ കൂടുതൽ ശ്രദ്ധ നൽകിയത് ടീമിനെ വിജയത്തിലെത്തിക്കാനാണ്.’’–ജയ്സ്വാൾ പറഞ്ഞു.
യശസ്വി ജയ്സ്വാളിന്റെ ബാറ്റിങ് കാണുകയെന്നതായിരുന്നു തന്റെ ജോലിയെന്നു രാജസ്ഥാന്‍ ക്യാപ്റ്റൻ സഞ്ജു സാംസൺ മത്സരത്തിനു ശേഷം പ്രതികരിച്ചു. ‘‘ഈ മത്സരത്തിൽ എനിക്കു പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ജയ്സ്വാളിന് സ്ട്രൈക്ക് കൈമാറി എല്ലാം കണ്ടുനിന്നാൽ മതി.
പവർപ്ലേയിൽ കളിക്കുന്നത് ജയ്സ്വാൾ അത്രയേറെ ഇഷ്ടപ്പെടുന്നു. ഞങ്ങൾക്കും അതിൽ സന്തോഷമുണ്ട്. ജയ്സ്വാളിന് വേണ്ടിയാണു ജോസ് ബട്‍ലർ തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞത്. അങ്ങനെയാണു ടീമിലെ അന്തരീക്ഷം. എല്ലാ മത്സരങ്ങളും രാജസ്ഥാനു വിജയിക്കണം.’’– സഞ്ജു സാംസൺ മത്സരത്തിനു ശേഷം പ്രതികരിച്ചു.
കൊൽക്കത്തയ്ക്കെതിരെ മൂന്നു പന്തുകള്‍ നേരിട്ട ജോസ് ബട്‍ലർക്ക് റണ്ണൊന്നുമെടുക്കാൻ സാധിച്ചിരുന്നില്ല. യശസ്വി ജയ്സ്വാളുമായുണ്ടായ ആശയക്കുഴപ്പത്തിനിടെ ആന്ദ്രെ റസ്സൽ ബട്‍ലറെ റണ്ണൗട്ടാക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 13.1 ഓവറിൽ രാജസ്ഥാൻ വിജയത്തിലെത്തി. 41 പന്തുകൾ ബാക്കി നിൽക്കെ റോയൽസ് ഒന്‍പതു വിക്കറ്റ് വിജയം സ്വന്തമാക്കി. 47 പന്തുകൾ നേരിട്ട ജയ്സ്വാൾ 98 റൺസെടുത്തു പുറത്താകാതെ നിന്നു.