31.1 C
Kottayam
Tuesday, May 7, 2024

രാജസ്ഥാനോട് നാണം കെട്ട തോൽവി, കേരളം ക്വാർട്ടറിൽ പുറത്ത്

Must read

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രാജസ്ഥാനെതിരെ കേരളത്തിന് 200 റണ്‍സിന്‍റെ നാണംകെട്ട തോല്‍വി. രാജസ്ഥാന്‍ ഉയര്‍ത്തിയ 268 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ കേരളത്തിന് 21 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ബാറ്റിംഗിനിടെ പരിക്കേറ്റ് മടങ്ങിയ വിഷ്ണു വിനോദ് പീന്നീട് ബാറ്റ് ചെയ്യാനിറങ്ങിയില്ല. 28 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. സച്ചിന് പുറമെ 11 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ മാത്രമാണ് കേരള നിരയില്‍ രണ്ടക്കം കടന്നുള്ളു.സ്കോര്‍ രാജസ്ഥാന്‍ 50 ഓവറില്‍ 267-8, കേരളം 21 ഓവറില്‍ 67-9.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇല്ലാതെ ഇറങ്ങിയ കേരളത്തിന് ബാറ്റിംഗില്‍ തുടക്കം മുതല്‍ അടിതെറ്റി. പ്രീ ക്വാര്‍ട്ടറില്‍ സെഞ്ചുറിയുമായി തകര്‍ത്തടിച്ച ഓപ്പണര്‍മാരായ കൃഷ്ണപ്രസാദും രോഹന്‍ കുന്നുമ്മലും തുടക്കത്തിലെ മടങ്ങിയതോടെ കേരളം സമ്മര്‍ദ്ദത്തിലായി. 23-2ല്‍ നിന്ന് കേരളം അതിവേഗം 49-8ലേക്ക് കൂപ്പുകുത്തിയ കേരളത്തെ സച്ചിന്‍ ബേബിയുടെ പോരാട്ടം 50 കടത്തിയെങ്കിലും സച്ചിന്‍ വീണതോടെ കേരളവും വീണു.  

നാലു വിക്കറ്റെടുത്ത അനികേത് ചൗധരിയും മൂന്ന് വിക്കറ്റെടുത്ത അറാഫത്ത് ഖാനും രണ്ട് വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദും ചേര്‍ന്നാണ് കേരളത്തെ എറിഞ്ഞിട്ടത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം യാത്ര തിരിക്കാനായി പോയതിനാല്‍ രോഹന്‍ കുന്നുമ്മലാണ് ഇന്ന് കേരളത്തെ നയിച്ചത്.

നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ കൃഷ്ണ പ്രസാദിനെ(7) വീഴ്ത്തിയ അറാഫത്ത് ഖാനാണ് കേരളത്തിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ഏഴാം ഓവറില്‍ മുഹമ്മദ് അസഹ്റുദ്ദീനെ(3) ഖലീല്‍ അഹമ്മദ് വീഴ്ത്തി. പിന്നാലെ മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിനെ(11) പുറത്താക്കി അനികേത് ചൗധരി വിക്കറ്റ് വേട്ട തുടങ്ങി.

സച്ചിന്‍ ബേബി പിടിച്ചു നിന്നെങ്കിലും പ്രതീക്ഷയായിരുന്നു വിഷ്ണു വിനോദ് പരിക്കേറ്റ് മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. പിന്നാലെ ശ്രേയസ് ഗോപാലിനെയും(0), അഖില്‍ സ്കറിയെയും(1) വീഴ്ത്തിയ അനികേത് ചൗധരി കേരളത്തിന്‍റെ നടുവൊടിച്ചു.പിന്നാലെ പൊരുതി നിന്ന സച്ചിന്‍ ബേബിയെ(28) ഖലീല്‍ അഹമ്മദ് പുറത്താക്കിയതോടെ കേരളത്തിന്‍റെ കഥ കഴിഞ്ഞു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ മഹിപാല്‍ ലോംറോറിന്‍റെ (114 പന്തില്‍ പുറത്താവാതെ 122) സെഞ്ചുറി കരുത്തിലാണ് മികച്ച സ്‌കോര്‍ കുറിച്ചത്. കുനാല്‍ സിംഗ് റാത്തോഡും (66) രാജസ്ഥാന്‍ നിരയില്‍ തിളങ്ങി. മറ്റാര്‍ക്കും 20ന് അപ്പുറമുള്ള സ്‌കോര്‍ നേടാന്‍ സാധിച്ചിരുന്നില്ല. അഖിന്‍ സത്താര്‍ കേരളത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്പി രണ്ട് വിക്കറ്റെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week