24.6 C
Kottayam
Sunday, May 19, 2024

ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി, കുറ്റം അതീവ ഗുരുതരമെന്ന് നിരീക്ഷണം

Must read

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിയായിരുന്ന ഡോ. ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ പ്രതി ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റുവൈസിന്റെ ജാമ്യാപേക്ഷ തള്ളിയത്. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്‌തതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

വൻ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനാൽ വിവാഹം മുടങ്ങിയതോടെ ഇതിന്റെ മനോവിഷമത്തിലാണ് ഡോക്‌ടറായ ഷഹന ആത്മഹത്യ ചെയ്‌തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആത്മഹത്യാക്കുറിപ്പിൽ റുവൈസിന്റെ പങ്ക് വ്യക്തമായിരുന്നു. മരിക്കും മുൻപ്‌ റുവൈസിന് ഇക്കാര്യം ചൂണ്ടിക്കാട്ടി ഷഹ്‌ന സന്ദേശമയച്ചുവെങ്കിലും അയാൾ പ്രതികരിച്ചില്ലെന്നും, പകരം ബ്ലോക്ക് ചെയ്‌തുവെന്നുമായിരുന്നു പോലീസ് പറഞ്ഞത്.

തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി ഷഹനയെ കഴിഞ്ഞ തിങ്കളാഴ്‌ച രാത്രിയാണ് മെഡിക്കൽ കോളജിന് സമീപത്തെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും അവരുടെ മരണം സംഭവിച്ചിരുന്നു. തുടർന്ന് ബന്ധുക്കളാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഉൾപ്പെടെ വെളിപ്പെടുത്തി പോലീസിന് മൊഴി നൽകിയിരുന്നു.

ഷഹാന റുവൈസുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാർ സമ്മതിക്കുകയും ചെയ്‌തിരുന്നു. എന്നാൽ വിവാഹത്തിനായി റുവൈസും അദ്ദേഹത്തിന്റെ കുടുംബവും വലിയ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഈ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കളുടെ മൊഴിയിൽ പറയുന്നത്. ഇതിനെ ശരിവയ്ക്കുന്ന ആത്മഹത്യാ കുറിപ്പും പോലീസിന് കിട്ടിയിട്ടുണ്ട്.

അതേസമയം, കേസിലെ മറ്റൊരു പ്രതിയായ റുവൈസിന്റെ പിതാവ് ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയെങ്കിലും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. റുവൈസിന്റെ പിതാവായ അബ്‌ദുൾ റഷീദാണ് കൂടുതൽ സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയതെന്ന കാര്യം കഴിഞ്ഞ ദിവസം പോലീസ് വ്യക്തമാക്കിയിരുന്നു.

റുവൈസിന്റെ പിതാവ് സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്നാണ് ഷഹനയുടെ മാതാവിന്റെ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. ഇതിന് പിന്നാലെ കരുനാഗപ്പള്ളിയിലെ റുവൈസിന്റെ കുടുംബ വീട്ടിൽ പോലീസ് എത്തിയെങ്കിലും ഇത് അടച്ചിട്ട നിലയിലായിരുന്നു. അന്ന് തന്നെ അബ്‌ദുൾ റഷീദ് കാറിൽ അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു എന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week