32.8 C
Kottayam
Tuesday, May 7, 2024

വികാരങ്ങളെ ഉണർത്തുന്നെങ്കിലും വിഡിയോകളിൽ ലൈംഗികരംഗം കാണിക്കുന്നില്ല’: രാജ് കുന്ദ്ര കോടതിയിൽ

Must read

മുംബൈ:നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്ര തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് കുന്ദ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചു. വിഡിയോകൾ വികാരങ്ങളെ ഉണർത്തുന്നവയാണെങ്കിലും പ്രത്യക്ഷമായി ലൈംഗികരംഗം കാണിക്കുന്നില്ലെന്ന് കുന്ദ്ര ഹർജിയിൽ അവകാശപ്പെട്ടു. സിആർപിസി 41 എ വകുപ്പ് പ്രകാരം അറസ്റ്റിന് മുൻപ് നോട്ടിസ് നൽകുന്ന നടപടിക്രമം തന്റെ കാര്യത്തിൽ പാലിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി തന്നെ പൊലീസ് കസ്റ്റഡിയിൽ അയയ്ക്കാനുള്ള മജിസ്ട്രേട്ടിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് കുന്ദ്ര ആവശ്യപ്പെട്ടു.

നീലച്ചിത്രമെന്ന് പൊലീസ് ആരോപിക്കുന്ന വിഡിയോകളിൽ ലൈംഗികരംഗം ചിത്രീകരിക്കുന്നില്ല. മറിച്ച് വികാരത്തെ ഉണർത്തുന്ന ഹ്രസ്വ സിനിമകളുടെ രൂപത്തിലുള്ളവയാണവ. ഇക്കാരണത്താൽ വിവരസാങ്കേതികവിദ്യ നിയമത്തിലെ സെക്ഷൻ 67 എ (ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കൽ) ചുമത്താൻ കഴിയില്ല. ഈ മാസം 19ന് പൊലീസ് തന്റെ ഓഫിസിൽ തിരച്ചിൽ നടത്തി മൊഴി രേഖപ്പെടുത്താൻ പൊലീസ് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെട്ടു. അതുപ്രകാരം സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് അറസ്റ്റ് നടക്കുന്നത്. അറസ്റ്റിന് ശേഷം സിആർപിസി 41 എ വകുപ്പ് പ്രകാരമുള്ള നോട്ടിസിൽ ഒപ്പിടാൻ ആവശ്യപ്പെട്ടെങ്കിലും താൻ വിസമ്മതിക്കുകയായിരുന്നു- കുന്ദ്രയുടെ ഹർജിയിൽ പറയുന്നു.

തനിക്കെതിരെയുള്ള വകുപ്പുകൾ പ്രകാരം ഏഴ് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കില്ല. അതിനാൽ 41 എ വകുപ്പ് പ്രകാരം മുൻകൂർ നോട്ടിസ് നൽകാതെ അറസ്റ്റ് ചെയ്യുന്നത് പൂർണമായും നിയമവിരുദ്ധമാണ്. 2021 ഫെബ്രുവരിയിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്തപ്പോൾ തന്നെ പ്രതിയായി പോലും ഉൾപ്പെടുത്തിയിട്ടില്ല. കേസിൽ ഏപ്രിലിൽ കുറ്റപത്രം സമർപ്പിച്ചതാണ്. മറ്റ് നിരവധി പ്രതികൾ ഇപ്പോൾ ജാമ്യത്തിലിറങ്ങിയതായും കുന്ദ്ര ചൂണ്ടിക്കാട്ടി.

രാജ് കുന്ദ്രയുടെ ഹോട്ട് ഷോട്സ് മൊബൈൽ ആപ്പിന് 20 ലക്ഷം ഉപയോക്താക്കൾ ഉണ്ടായിരുന്നതായി പൊലീസ്. വിവിധ നീലച്ചിത്ര നിർമാതാക്കളിൽ നിന്നും സംവിധായകരിൽ നിന്നുമായി വാങ്ങിയ നൂറോളം വിഡിയോകൾ കുന്ദ്രയും സംഘവും തങ്ങളുടെ മൊബൈൽ ആപ്പിൽ അപ്‍ലോഡ് ചെയ്തിരുന്നെന്നും പൊലീസ് പറയുന്നു. കുന്ദ്രയുടെ പൊലീസ് കസ്റ്റഡി മജിസ്ട്രേട്ട് കോടതി 27 വരെ നീട്ടി. 19ന് അറസ്റ്റിലായ കുന്ദ്രയുടെ കസ്റ്റഡി വെള്ളിയാഴ്ച അവസാനിച്ചതിനെ തുർന്നാണു കോടതിയിൽ ഹാജരാക്കിയത്.

കേസിൽ കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. ദമ്പതികളുടെ ജുഹുവിലെ വസതിയിൽ റെയ്ഡ് നടത്തിയ ശേഷമായിരുന്നു ചോദ്യം ചെയ്യൽ. ശിൽപ കൂടി ഡയറക്ടറായ വിയാൻ ഇൻഡസ്ട്രീസിന്റെ ഓഫിസ് പരിസരം ഹോട്ട്‌ഷോട്‌സ് ആപ്പിലേക്കുള്ള വിഡിയോകൾ ചിത്രീകരിക്കുന്നതിനു ഉപയോഗിച്ചിരുന്നു. നീലച്ചിത്ര ബിസിനസുമായി ഭർത്താവിന് ബന്ധമുണ്ടെന്ന് ശിൽപയ്ക്ക് അറിയാമായിരുന്നോ എന്നാണു പൊലീസ് അന്വേഷിക്കുന്നത്. കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകളും പണമിടപാടുകളും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week