ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ടോക്കിയോ: ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചു. ഹര്‍മന്‍ പ്രീത് സിങ് രണ്ടു ഗോള്‍ നേടി. ഇന്ത്യയ്ക്കായി രുപീന്ദര്‍ പാല്‍ സിങും ലക്ഷ്യം കണ്ടു. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ മിന്നും സേവുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

കെയ്ന്‍ റസലിലൂടെ ന്യൂസിലാന്‍ഡ് ആണ് ആദ്യം മുന്നിലെത്തിയത്. പിന്നാലെ രുപീന്ദറിലൂടെ ഇന്ത്യ സമനില നേടി. തുടര്‍ന്ന് രണ്ടു പെനാല്‍റ്റി കോര്‍ണറുകള്‍ ഗോള്‍പോസ്റ്റിലെത്തിച്ച് ഹര്‍മന്‍ പ്രീത് സിങ് ഇന്ത്യയെ 3-1 ന് മുന്നിലെത്തിച്ചു. സ്റ്റെഫാന്‍ ജെന്നിസിലൂടെ കിവീസ് ഒരു ഗോള്‍ മടക്കി.

തുടര്‍ന്ന് സമനില പിടിക്കാന്‍ ന്യൂസിലാന്‍ഡ് ശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധനിരയെയും ഗോളി ശ്രീജേഷിനെയും മറികടക്കാനായില്ല. ഇന്ത്യ രണ്ടാം മല്‍സരത്തില്‍ നാളെ ഓസ്ട്രേലിയയെ നേരിടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News