തൃശൂര്‍: മൂന്നുദിവസം കൊണ്ട് കേരളത്തിന് ലഭിച്ചത് 358 ശതമാനം അധികമഴ. കഴിഞ്ഞ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ 28.1ന് പകരം 128.6 മില്ലീമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. സെപ്റ്റംബര്‍ അവസാനത്തില്‍ തുടങ്ങി ഒക്‌ടോബര്‍ ആദ്യപാതിയില്‍ മുറുകിയ സമാനമായ മഴ സംസ്ഥാനത്ത് അപൂര്‍വമാണ്. ശനിയാഴ്ച രാവിലെ 8.30 മുതല്‍ ഞായറാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂറില്‍ കേരളത്തിന് ലഭിച്ചത് 769 ശതമാനം അധിക മഴയാണ്. 9.3ന് പകരം 80.8 മി.മീ മഴ ലഭിച്ചു.
പീരുമേട് (292), കാഞ്ഞിരപ്പിള്ളി (266) എന്നിവിടങ്ങളില്‍ മഴമാപിനിയില്‍ അതിതീവ്രമഴ രേഖപ്പെടുത്തി. കഴിഞ്ഞ 12ന് കരിപ്പൂര്‍ വിമാനത്താവള മേഖല (255), മണ്ണാര്‍ക്കാട് (238.2), കോഴിക്കോട് (216) എന്നീ സ്ഥലങ്ങളില്‍ ഈ വര്‍ഷം ആദ്യമായി ലഭിച്ച അതിതീവ്ര മഴയേക്കാള്‍ കൂടുതലാണ് പീരുമേടും കാഞ്ഞിരപ്പിള്ളിയിലും ലഭിച്ചത്. 18ന് 10.1ന് പകരം 32.7 മി.മീ മഴയും കേരളത്തിന് ലഭിച്ചു. 224 ശതമാനമാണ് കൂടുതല്‍. 16ന് 8.7ന് പകരം 15.1 മി.മീ മഴയാണ് ലഭിച്ചത്. ഇതും 74 ശതമാനം കൂടുതലാണ്. തിങ്കളാഴ്ച വരെ കേരളത്തില്‍ 184ന് പകരം 444.9 മി.മീ മഴ ലഭിച്ചു. 142 ശതമാനം മഴയാണ് ഈ മാസം ഇതുവരെ അധികം ലഭിച്ചത്.
തുലാവര്‍ഷത്തില്‍ 492 മി.മീ മഴയാണ് ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ലഭിക്കേണ്ടത്. എന്നാല്‍, ഈമാസം ഒന്നുമുതല്‍ 18വരെ 444.9 മി.മീ ലഭിച്ചുകഴിഞ്ഞു. കാസര്‍കോട് (425.3), കണ്ണൂര്‍ (466.7), കോഴിക്കോട് (546.3) ജില്ലകളില്‍ തുലാവര്‍ഷത്തില്‍ ലഭിക്കേണ്ട മഴയെക്കാള്‍ അധികം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് 223 ശതമാനം അധികമഴ കിട്ടി. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 205 ശതമാനമാണ് അധിക മഴ. ആലപ്പുഴയിലാണ് (66) അധികമഴ ശരാശരിയില്‍ കുറവുള്ളത്. തൃശൂരിലെ 96 ശതമാനം മാത്രമാണ് അധികശരാശരി രണ്ടക്കത്തില്‍ ഒതുങ്ങിയത്.
തുലാവര്‍ഷം വന്നതായി കാലാവസ്ഥവകുപ്പ് കണക്കാക്കിയിട്ടില്ലെങ്കിലും തുലാവര്‍ഷക്കണക്കില്‍ കേരളത്തില്‍ ലഭിക്കേണ്ട 84 ശതമാനം മഴയും ഒക്ടോബറില്‍ ആദ്യ 17 ദിവസം കൊണ്ട് ലഭിച്ചു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ചുഴലിക്കാറ്റ് സീസണ്‍ കൂടിയായതിനാല്‍ ഇത്തവണ കൂടുതല്‍ ന്യൂനമര്‍ദവും ചുഴലിക്കാറ്റും പ്രതീക്ഷിക്കുന്നുണ്ട്.
ഒക്ടോബര്‍ 20 മുതല്‍ രണ്ടുമൂന്നുദിവസം വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴയും പെയ്യാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നല്‍കി. കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ദേശീയ ദുരന്ത പ്രതികരണ സേനയെ ആലപ്പുഴ ജില്ലയില്‍ വിന്യസിച്ചു.