ഇടുക്കി:ശക്തമായ മഴയും കാറ്റും മൂലം അപകടങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത്, ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി, ഇടുക്കി ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, ട്യൂഷൻ സെന്ററുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, CBSE, ICSE സ്കൂളുകൾ, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 06-07-2023 വ്യാഴാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് / കോഴ്സുകൾക്ക് അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമില്ല.
മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ജൂലൈ 6) അവധി .അങ്കണവാടികൾ,സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി ബാധകമാണ്.മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.
സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം തുടരുകയാണ്. പാലക്കാട് ജില്ലയിൽ 12 വീടുകൾ ഭാഗികമായി തകർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 വീടുകൾക്ക് ഭാഗികമായും ചിറ്റൂർ താലൂക്കിൽ ഒരു വീടിന് പൂർണമായും നാശനഷ്ടം സംഭവിച്ചതായി അധികൃതർ അറിയിച്ചു.
കോഴിക്കോട് ചാലിയത്ത് നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ട് കടലിൽ കുടുങ്ങി. ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിനു മുൻപ് പോയ ബോട്ടാണ് കടലിൽ അകപ്പെട്ടത്. ബോട്ടിലെ അഞ്ചുപേരും സുരക്ഷിതരെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ തുടങ്ങിയെന്നും അധികൃതർ അറിയിച്ചു.
അതിനിടെ, മലപ്പുറത്ത് മിന്നൽ ചുഴലിയടിച്ചു. മൂന്നു മിനിട്ടോളാം നീണ്ടു നിന്ന അതി ശക്തമായ കാറ്റാണ് വീശിയടിച്ചത്. മലപ്പുറം കൊണ്ടോട്ടി ഒമാനൂരിലെ കൊടക്കാടാണ് അതി ശക്തമായ കാറ്റ് വീശി അടിച്ചത്. നിരവധി മരങ്ങൾ കടപുഴകി വീണു. 15ലേറെ വീടുകൾക്ക് കേടു പറ്റി. വൈദ്യുതി ബന്ധം പൂർണമായും തകരാറിലായി. ആർക്കും പരിക്കുള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല.