പ്രണയത്തിലായെന്ന് ഗോസിപ്പ്;സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ ഒരുങ്ങി സാമന്ത
ഹൈദരാബാദ്: സിനിമ രംഗത്ത് നിന്നും വലിയൊരു ഇടവേളയ്ക്ക് സാമന്ത ഒരുങ്ങുന്നുവെന്നാണ് വിവരം. തന്നെ പിടികൂടിയ മൈസ്റ്റൈറ്റിസ് രോഗത്തിന്‍റെ തുടര്‍ ചികില്‍സയ്ക്ക് വേണ്ടിയാണ് ഇടവേള എന്നാണ് വിവരം. ഒരു വര്‍ഷത്തോളം അഭിനയ രംഗത്ത് വിട്ടുനില്‍ക്കാന്‍ സാമന്ത ആഗ്രഹിക്കുന്നുവെന്നാണ് അവരുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബോളിവുഡ് സൈറ്റുകള്‍ പറയുന്നത്.
തെലുങ്കിൽ നിന്നോ ബോളിവുഡിൽ നിന്നോ പുതിയ സിനിമകളുടെ ഓഫര്‍ ഒന്നും സാമന്ത സ്വീകരിക്കുന്നില്ലെന്നാണ് വിവരം. അതേ സമയം ചില തെലുങ്ക് സിനിമകൾക്കായി വാങ്ങിയ അഡ്വാൻസ് തുക തിരിച്ചു നൽകിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അതേ സമയം നടിക്ക് പുതിയ പ്രണയം ആരംഭിച്ചോ എന്ന തരത്തില്‍ ഗോസിപ്പുകളും ആരാധകര്‍ക്കിടയില്‍ പരക്കുന്നുണ്ട്. അടുത്തിടെ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ഒരു സ്റ്റോറിയാണ് ഇത്തരം ഒരു അഭ്യൂഹം ശക്തമാക്കിയത്. ‘മരണത്തിൽ നിന്ന് നമുക്ക് ഒന്നിനെയും രക്ഷിക്കാനാവില്ല, നമുക്ക് സ്നേഹം കൊണ്ട് ഒരു ജീവനെങ്കിലും രക്ഷിക്കാം’ എന്നായിരുന്നു ഈ സ്റ്റോറി. ഇതിന് പിന്നാലെ പലരും പല അഭ്യൂഹങ്ങളുമായി രംഗത്ത് എത്തി.
വലിയ പ്രതീക്ഷയോടെ എത്തിയ ബിഗ് ബജറ്റ് പുരാണ ചിത്രം ശാകുന്തളം വലിയ നിരാശയാണ് നടി സാമന്തയ്ക്ക് നല്‍കിയത്. വിവാഹ മോചനവും തുടര്‍ന്ന് വന്ന ആരോഗ്യ പ്രശ്നങ്ങളും അതിജീവിച്ച് വന്‍ തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു ശാകുന്തളം. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ വലിയ പരാജയം നേരിട്ടു. എന്നാലും അഭിനയ രംഗത്ത് സജീവമാണ് സാമന്ത.
നിലവിൽ സിറ്റഡൽ എന്ന ഹിന്ദി വെബ് സീരീസിലും ഖുഷി എന്ന സിനിമയിലുമാണ് സാമന്ത അഭിനയിക്കുന്നത്. വിജയ് ദേവരകൊണ്ടയാണ് ഖുഷിയിൽ നായകനാകുന്നത്. തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംഷയോട് കാത്തിരിക്കുന്ന സിനിമയാണിത്. പ്രിയങ്ക ചോപ്ര അടക്കം അഭിനയിക്കുന്ന അന്താരാഷ്ട്ര സീരിസായ സിറ്റഡലിന്‍റെ ഇന്ത്യന്‍ പതിപ്പില്‍ പ്രധാന വേഷത്തിലാണ് സാമന്ത. വരുണ്‍ ധവനാണ് നായകന്‍.