ന്യൂഡൽഹി: ട്രെയിനുകൾ സ്പെഷ്യൽ എന്ന് പേരിട്ട് ഉയർന്ന നിരക്കിൽ സർവീസ് നടത്തിയിരുന്ന റെയിൽവേ ഒടുവിൽ യാത്രക്കാരുടെ കടുത്ത സമ്മർദ്ദത്തിനൊടുവിൽ സാധാരണ സ്ഥിതിയിലേക്കെത്തുന്നു. മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കുള്ള ‘സ്പെഷ്യൽ’ ടാഗ് നിർത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യൻ റെയിൽവേ വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഇളവ് ചെയ്തതിന് ശേഷം സ്പെഷ്യൽ ട്രെയിൻ സർവീസുകൾ മാത്രമാണ് റെയിൽവേ നടത്തിയിരുന്നത്. ആദ്യം ദീർഘദൂര ട്രെയിനുകളും പിന്നീട് പാസഞ്ചർ തീവണ്ടികൾ പോലും ഇത്തരത്തിൽ സ്പെഷ്യൽ ടാഗോടെയാണ് ഓടിച്ചിരുന്നത്. ടിക്കറ്റിന് അധിക തുക ഈടാക്കിയുള്ള ഈ സർവീസ് സ്ഥിരം യാത്രികർക്കും സാധാരണക്കാർക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.
സാധാരണ നമ്പറിൽ തന്നെ പ്രവർത്തിപ്പിക്കാമെന്നും കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും സോണൽ ഓഫീസർമാർക്ക് വെള്ളിയാഴ്ച റെയിൽവേ ബോർഡ് അയച്ച കത്തിൽ അറിയിച്ചു.
ഉത്തരവ് ഉടനടി നടപ്പാക്കാനാണ് നിർദേശമെങ്കിലും പഴയ സ്ഥിതിയിലേക്ക് മാറാൻ ഒന്നോ രണ്ടോ ദിവസമെടുക്കുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. സ്പെഷ്യൽ ട്രെയിനുകളായി സർവീസ് നടത്തുമ്പോൾ ആദ്യ നമ്പർ പൂജ്യത്തിലാണ് തുടങ്ങിയിരുന്നത്. ഇതും മാറും.
അതേ സമയം നിലവിൽ സെക്കൻഡ് ക്ലാസുകളിലടക്കം റിസർവ് ചെയ്യുന്ന ട്രെയിനുകൾ മറ്റിളവുകൾ നൽകുന്നത് വരെ അതേ പടി നിലനിൽക്കുമെന്നാണ് റെയിൽവേ അറിയിക്കുന്നത്.