26.9 C
Kottayam
Sunday, April 28, 2024

റെയ്ഡ്ന് പിറകെ മിന്നൽ പരിശോധനയും ;ബി.ജെ.പിയുടേത് ഭീഷണി രാഷ്ട്രീയമെന്ന് കമല്‍

Must read

ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ സഞ്ചരിച്ചിരുന്ന കാരവൻ തടഞ്ഞുനിർത്തി പരിശോധന. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആണ് കമൽ ഹാസൻ സഞ്ചരിച്ചിരുന്ന കാരവൻ തടഞ്ഞു നിർത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ചത്. എന്നാൽ, പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തിരുച്ചിറപ്പള്ളയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നതിനിടെ രാത്രി ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിങ് സ്ക്വാ‍ഡ് വണ്ടി തടഞ്ഞു നിർത്തി പരിശോധന നടത്തിയത്. തഞ്ചാവൂർ ജില്ല അതിർത്തിയിൽ വച്ച് ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മിന്നൽ പരിശോധന.

തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി ഇത്തവണ മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടയിൽ ആയിരുന്നു സംഭവം. കമൽ ഹാസനെ കാരവനിൽ ഇരുത്തിയാണ് അധികൃതർ പരിശോധന നടത്തിയത്. എന്നാൽ, പരിശോധനയിൽ അനധികൃതമായി ഒന്നും വാഹനത്തിൽ നിന്ന് കണ്ടെത്തിയില്ല

കഴിഞ്ഞ ദിവസങ്ങളിൽ ആദായ നികുതി വകുപ്പ് കമൽ ഹാസന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിനെതിരെ അദ്ദേഹം രംഗത്തു വരികയും ചെയ്തിരുന്നു. ബി ജെ പിയുടെ ഭീഷണി രാഷ്ട്രീയമാണ് റെയ്ഡ് എന്നും ഭയക്കുന്നില്ലെന്നും ആയിരുന്നു കമൽ അന്ന് പറഞ്ഞത്. ജനങ്ങളുടെ ശബ്ദമാകാനാണ് മക്കൾ നീതി മയ്യം ശ്രമിക്കുന്നതെന്നും തന്റെ വീട്ടിൽ റെയ്ഡ് നടത്തിയാൽ ഒന്നും കണ്ടെത്താൻ പോകുന്നില്ലെന്നും കമൽ ഹാസൻ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണം ആവേശത്തോടെ മുന്നോട്ടു പോകുന്നതിനിടയിൽ മക്കൾ നീതി മയ്യം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുടെ വീടുകളിൽ കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് മിന്നൽ പരിശോധന നടത്തിയിരുന്നു. മക്കൾ നീതിമയ്യം ട്രഷറർ അനിത ശേഖറിന്റെ തിരുപ്പൂർ ലക്ഷ്മിനഗർ, ബ്രിഡ്ജ് വേ കോളനി എന്നിവിടങ്ങളിലെ ‘അനിത ടെക്സ്കോട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’ കമ്പനിയിലും വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമൽഹാസൻ ജനവിധി തേടുന്നത്.

കേരളത്തിനൊപ്പം ഏപ്രിൽ ആറിനാണ് തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞയിടെ ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കേരളത്തിൽ വീണ്ടും പിണറായി വിജയൻ സർക്കാർ രംഗത്തു വരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് കമൽ ഹാസൻ പറഞ്ഞിരുന്നു. പിണറായി വിജയൻ സർക്കാർ തുടർ ഭരണത്തിൽ വരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു തെന്നിന്ത്യൻ സൂപ്പർ താരം ഇങ്ങനെ പറഞ്ഞത് . ‘എനിക്ക് ആഗ്രഹമുണ്ട് മൂപ്പര് വിജയിക്കണമെന്ന്. നല്ലൊരു ഗവേണൻസാണ് (ഭരണമാണ്) അദ്ദേഹത്തിന്റേത്. അത് തുടരട്ടെ എന്നാണ്’ – മക്കൾ നീതി മയ്യം നേതാവ് പറഞ്ഞത് ഇങ്ങനെ.

അതേസമയം, തെരഞ്ഞെടുപ്പിൽ സഖ്യം ദ്രാവിഡ പാർട്ടികൾക്ക് ഒപ്പമായിരിക്കില്ലെന്നും ഒരു മൂന്നാം മുന്നണി ആയിരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും കമൽ ഹാസൻ പറഞ്ഞു. മുഖ്യമന്ത്രിയാകുമെന്ന സ്വപ്നത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണോ എന്ന ചോദ്യത്തിന് അത് ഒരു സ്വപ്നമല്ലെന്നും പ്രയത്നമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week