തിരുവനന്തപുരം: പീഡനക്കേസിൽ ഡിജിറ്റൽ തെളിവുകൾ കോടതിയിൽ നൽകിയതായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അഭിഭാഷകൻ. പെൻഡ്രൈവിലാണ് രേഖകൾ കോടതിയിൽ സമർപ്പിച്ചതെന്ന് അഭിഭാഷകൻ അറിയിച്ചു. യുവതിയുടെ മൊഴികൾ ശരിയല്ല എന്ന് തെളിയിക്കുന്നതാണ് ഡിജിറ്റൽ തെളിവുകളെന്നാണ് അഭിഭാഷകൻ ശേഖർ ജി. തമ്പിയുടെ അവകാശവാദം.
ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്തെ അഭിഭാഷകന്റെ ഓഫീസിൽ നേരിട്ടെത്തി വക്കാലത്ത് ഒപ്പിട്ടിരുന്നു. മുൻകൂർ ജാമ്യ ഹർജിക്കൊപ്പം ഡിജിറ്റൽ തെളിവുകൾ കൂടി കോടതിയിൽ നൽകി. ചാറ്റുകൾ അടക്കമുള്ളവ പെൻഡ്രൈവിൽ ഉണ്ടെന്നാണ് രാഹുലിന്റെ അഭിഭാഷകൻ അവകാശപ്പെടുന്നത്.
പീഡന പരാതിയിൽ രാഹുലിനെതിരേ പ്രത്യേകാന്വേഷണ സംഘം അന്വേഷണം തുടരുകയാണ്. പെൺകുട്ടിയുടെ ഫോൺ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനയ്ക്കായി ഏറ്റെടുത്തിട്ടുണ്ട്. ഇതിനൊപ്പം തെളിവുശേഖരിക്കൽ നടപടികളുമായി അന്വേഷണ സംഘം മുമ്പോട്ടു പോകുന്നുണ്ട്.
ഇതുവരെ രാഹുലിനെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസിനായിട്ടില്ല. രാഹുൽ ഒളിവിലാണ് എന്നാണ് പോലീസ് പറയുന്നത്. ഇതിനിടെയാണ്, തലസ്ഥാനത്ത് അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ട് മടങ്ങിയത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. കോടതി ഹര്‍ജി പരിഗണിക്കുന്നതുവരെ രാഹുല്‍ മാറിനില്‍ക്കുമെന്നാണ് സൂചന.
യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ പൊതുയിടങ്ങളില്‍നിന്ന് അപ്രത്യക്ഷനായിരുന്നു. അതുവരെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും മറ്റും സജീവമായിരുന്നു. യുവതിയുമായി ലൈംഗിക ബന്ധം ഉണ്ടായിരുന്നതായി സമ്മതിച്ച രാഹുല്‍, ബലാത്സംഗം ചെയ്തെന്നും ഗര്‍ഭച്ഛിദ്രം നടത്തിച്ചുവെന്നുമുള്ള ആരോപണം നിഷേധിച്ചാണ് മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണനയ്ക്ക് വരുന്നതുവരെ പാലക്കാട് തുടരാന്‍ രാഹുലിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.


