ആലപ്പുഴ: കേരളത്തെ നടുക്കിയ കുട്ടനാട് കൈനകരി അനിത കൊലക്കേസില്‍ രണ്ടാം പ്രതിക്കും വധശിക്ഷ. കൈനകരി സ്വദേശിനി രജനിക്കാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞദിവസം ഒന്നാംപ്രതി നിലമ്പൂര്‍ മുതുകോട് പൂക്കോടന്‍വീട്ടില്‍ പ്രബീഷിന് വധശിക്ഷ വിധിച്ചിരുന്നു. പ്രബീഷിന്റെ പെണ്‍സുഹൃത്താണ് രണ്ടാംപ്രതി രജനി.
മയക്കുമരുന്ന് കേസില്‍ ഒഡിഷയിലെ ജയിലില്‍ കഴിയുന്നതിനാല്‍ രജനിയുടെ ശിക്ഷ വിധിക്കുന്നത് മാറ്റിവെച്ചിരുന്നു. രജനിയെ നേരിട്ട് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ശനിയാഴ്ച പ്രതിയെ നേരിട്ട് ഹാജരാക്കിയതിന് പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചത്. പുന്നപ്ര സ്വദേശിയായ അനിത(32)യെയാണ് പ്രബീഷും പെണ്‍സുഹൃത്തായ രജനിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 2021 ജൂലായ് ഒന്‍പതിനായിരുന്നു സംഭവം.
വിവാഹിതനായ പ്രബീഷ് ഒരേസമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു. അനിത ഗര്‍ഭണിയായതിന് പിന്നാലെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പാലക്കാട് ആലത്തൂരിലെ ഒരു ഫാമില്‍ ജോലിചെയ്യുകയായിരുന്ന അനിതയെ ജൂലായ് ഒന്‍പതാം തീയതി ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ അനിതയെ ഓട്ടോയില്‍ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചു. ശേഷം അനിതയെ പ്രബീഷ് കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി.
നിലവിളി പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ രജനി വായും മൂക്കും അമര്‍ത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടു എന്നു കരുതി ഇരുവരും ചേര്‍ന്ന് പൂക്കൈത ആറ്റില്‍ ഉപേക്ഷിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസ് വേഗത്തില്‍ അന്വേഷിച്ച് തൊണ്ണൂറ് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ വേളയില്‍ 82 സാക്ഷികളെ വിസ്തരിച്ചു. രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി മൊഴിനല്‍കി. പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.


