രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമപരമായി മുന്നോട്ട് പോകട്ടെ; നിയമപരമായ കാര്യങ്ങളില്‍ തടസ്സം നില്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആരും ശ്രമിക്കില്ല; യുവനേതൃനിരയെ മുഴുവനായും ബാധിക്കില്ല; നിലപാട് വ്യക്തമാക്കി ഷാഫി പറമ്പില്‍

കൊച്ചി: വ്യക്തിപരമായ അടുപ്പമോ അടുപ്പക്കുറവോ രാഹുലിന്റെ വിഷയത്തില്‍ പാര്‍ട്ടി തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി. രാഹുലിന്റെ വിഷയത്തില്‍ പാര്‍ട്ടി നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അത് നിയമപരമായ കാര്യമാണെന്നും അത് നിയമപരമായി തന്നെ മുന്നോട്ടു പോകട്ടെ എന്നും ഷാഫി പറഞ്ഞു. നിയമപരമായ കാര്യങ്ങളില്‍ തടസ്സം നില്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആരും ശ്രമിക്കില്ലെന്നും ഷാഫി വ്യക്തമാക്കി.

കേസ് നിയമപരമായി മുന്നോട്ടുപോകട്ടെയെന്നും അതിന് രാഹുലുമായി അടുപ്പമുള്ള നേതാക്കളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ഒരുതരത്തിലുമുള്ള തടസം ഉണ്ടാവില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. 'രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയം നിയമപരമായി മുന്നോട്ട് പോകും. അതില്‍ പാര്‍ട്ടിയോ, രാഹുലുമായി വ്യക്തിപരമായി അടുപ്പമുള്ള നേതാക്കളോ ഇടപെടില്ല. കാര്യങ്ങള്‍ നിയമപരമായി മുന്നോട്ട് പോകട്ടെ. രാഹുലിനെതിരെ ഒരു ആരോപണം വന്നു എന്നത് കോണ്‍ഗ്രസിന്റെ യുവനേതൃനിരയെ മുഴുവനായും ബാധിക്കില്ല.' ഷാഫി പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഭിന്നാഭിപ്രായം സംബന്ധിച്ചും ഷാഫി അഭിപ്രായം വ്യക്തമാക്കി. ഓരോരുത്തരും പറയുന്നത് വ്യക്തിപരമായ അഭിപ്രായമാണ്. അതൊന്നും പാര്‍ട്ടിയുടെ തീരുമാനത്തെ ബാധിക്കില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

'എല്ലാവരും വ്യക്തിപരമായ അഭിപ്രായമാണ് പറയുന്നത്. അതൊന്നുംതന്നെ പാര്‍ട്ടിക്ക് കൃത്യമായ നടപടി എടുക്കുന്നതിന് തടസമാവില്ല. പാര്‍ട്ടി ചെയ്യേണ്ട കാര്യങ്ങളില്‍നിന്ന് പാര്‍ട്ടിയെ പിന്തിരിപ്പിക്കാന്‍ ഇത്തരം അഭിപ്രായങ്ങള്‍ക്കാവില്ല. രാഹുലുമായി അടുപ്പമുള്ള എന്റെ വാക്കുകള്‍ പോലും പാര്‍ട്ടി അവിടെ മുഖവിലയ്ക്കെടുത്തുവെന്ന് വരില്ല.' ഷാഫി പറഞ്ഞു.

പാലക്കാട്ട് തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് രാഹുല്‍ ഇറങ്ങിയത് പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമല്ലെന്നും ഷാഫി പറഞ്ഞു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പ്രാദേശികമായി സഹായിച്ചവര്‍ക്കു വേണ്ടിയാണ് രാഹുല്‍ പ്രചാരണത്തിനിറങ്ങിയത്. അവര്‍ നേരിട്ടു വന്നു ക്ഷണിച്ചിട്ടുണ്ടായിരുന്നു. പ്രാദേശിക പരിപാടികള്‍ക്കാണു പോയത്. അല്ലാതെ ഔദ്യോഗിക പാര്‍ട്ടി പരിപാടികളിലൊന്നും പങ്കെടുത്തിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പങ്കെടുക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ഷാഫി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News