വയനാട്: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എം.പി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ബുധനാഴ്ച വൈകിട്ടു കരിപ്പുര്‍ വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹം പിന്നീടു വയനാട്ടിലേക്കു പോയി. തിരക്കിട്ട പരിപാടികളാണു രാഹുല്‍ ഗാന്ധിക്കു വയനാട്ടിലുള്ളത്. വ്യാഴാഴ്ച രാവിലെ പത്തിനു കരുവാരകുണ്ട് ഗവ. ഹൈസ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടെയാണ് ഔദ്യോഗിക പരിപാടികള്‍ക്കു തുടക്കമാകുക.
വെള്ളിയാഴ്ച രാവിലെ 10ന് മീനങ്ങാടി ചോളയില്‍ ഓഡിറ്റോറിയത്തില്‍ എം.ഐ. ഷാനവാസ് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കും. 11ന് ബത്തേരി സര്‍വജന സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ വീടും സര്‍വജന സ്‌കൂളും സന്ദര്‍ശിക്കും. ഉച്ചക്ക് രണ്ടിന് വാകേരി ഹൈസ്‌ക്കൂളില്‍ എംഎസ്ഡിപി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം. വൈകുന്നേരം മൂന്നിന് യുഡിഎഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കണ്‍വെന്‍ഷനില്‍ പ്രസംഗിക്കും. വൈകുന്നേരം നാലിന് വൈത്തിരി ഗവ. ആശുപത്രിയിലെ പുതിയതായി നിര്‍മ്മിച്ച കെട്ടിടോദ്ഘാടനത്തിന് ശേഷം അഞ്ചിന് ലക്കിടിയിലെ നവോദയ സ്‌കൂളും സന്ദര്‍ശിക്കും.
ഏഴിന് രാവിലെ 9.30ന് കല്‍പ്പറ്റ കളക്ടറേറ്റ് എപിജെ ഹാളില്‍ ജില്ലാപഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കും. 11ന് യുഡിഎഫ് ബത്തേരി നിയോജകമണ്ഡലം കണ്‍വെന്‍ഷനില്‍ പ്രസംഗിക്കും. 12ന് സുല്‍ത്താന്‍ബത്തേരി അസംപ്ഷന്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചക്ക് രണ്ടിന വെള്ളമുണ്ട എട്ടേനാലില്‍ മാനന്തവാടി നിയോജകമണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കും. മാനന്തവാടി ഫാര്‍മേഴ്‌സ് ബാങ്ക് നടപ്പാക്കുന്ന മുറ്റത്തെ മുല്ല ലോണ്‍പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.