KeralaNews

രാഹുല്‍ ഗാന്ധി കടലില്‍ പോയതും വെള്ളത്തില്‍ ചാടിയതും സെറ്റിട്ടതോ? ബോട്ട് ഉടമയുടെ വെളിപ്പെടുത്തൽ

കൊല്ലം:കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി നടത്തിയ കടല്‍യാത്ര പണം നല്‍കിയുള്ള നാടകമാണെന്ന ആരോപണങ്ങള്‍ ഉയർന്നിരുന്നു. ഇതിനു മറുപടിയുമായി ബോട്ട് ഉടമ ബിജു ലോറന്‍സ്. കടല്‍യാത്രയ്ക്ക് ആരും തനിക്ക് പണം നല്‍യിട്ടില്ലെന്നും രാവിലെ ബോട്ട് പുറപ്പെടാന്‍ നില്‍ക്കുമ്പോഴാണ്, വന്നത് രാഹുല്‍ ഗാന്ധിയാണെന്ന് അറിഞ്ഞതെന്നും ബിജു ലോറന്‍സ് ഒരു മാധ്യമത്തോട് പ്രതികരിച്ചു.

ബിജു ലോറന്‍സിന്റെ വാക്കുകള്‍: “ആരും പണം നല്‍കിയിട്ടില്ല. സുഹൃത്ത് പറഞ്ഞു, ഒരു പഠനം നടത്താന്‍ ടിഎന്‍ പ്രതാപന് കടലിലേക്ക് യാത്ര പോകണമെന്ന്. പോകാനുള്ള ഇന്ധനം അവരാണ് തന്നത്. രാഹുല്‍ ഗാന്ധി വന്ന് എല്ലാ ജോലിക്കാരോടും സംസാരിച്ചു, വിശേഷങ്ങള്‍ തിരക്കി, അവര്‍ക്കൊപ്പം ജോലി ചെയ്യുകയാണ് ചെയ്തത്. അല്ലാതെ മറ്റുള്ളവര്‍ പറയുന്നത് പോലെ രാഹുല്‍ ടൂര്‍ പോകാന്‍ വന്നതല്ല. മത്സ്യത്തൊഴിലാളികളെക്കുറിച്ച്‌ പഠിക്കാനാണ് വന്നത്. ആളുമായി പോയി വലയടിച്ച്‌ തിരിച്ചുവരാന്‍ ഒന്നരമണിക്കൂര്‍ മതി. അതിന് മൂന്നു മണിക്കൂറോ, ആറു മണിക്കൂറോ വേണമെന്നില്ല. ചൂണ്ടക്കാര്‍ക്കാണ് ദൂരെ പോയി എട്ടു മണിക്കൂറും ആറു മണിക്കൂറും ജോലി ചെയ്യേണ്ടത്. പ്രതാപന്റെ സുഹൃത്ത് വരുന്നു എന്ന് മാത്രമേ അറിഞ്ഞിരുന്നുള്ളൂ. വന്ന് വള്ളത്തില്‍ കയറിയപ്പോഴാണ് രാഹുല്‍ ഗാന്ധിയാണെന്ന് അറിഞ്ഞത്. വള്ളത്തില്‍ ചാട്ടക്കാരന്‍ ചാടുന്നത് കണ്ടിട്ട് രാഹുല്‍ ചോദിച്ചു എന്താണെന്ന്. മീന്‍ തടഞ്ഞ് നിര്‍ത്താനാണെന്ന് പറഞ്ഞപ്പോള്‍ ഞാനും ചാടട്ടേയെന്ന് ചോദിച്ച്‌ ചാടുകയായിരുന്നു.”

നേരത്തെ രാഹുലിൻ്റെ കടൽയാത്ര നാടകമാണെന്ന് തൊഴിലാളികളെ ഉദ്ധരിച്ച് ദേശാഭിമാനി റിപ്പോർട്ടു ചെയ്തിരുന്നു.

വാർത്തയിങ്ങനെ..

കടലിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയത് നാടകമെന്ന് കൊല്ലത്തെ മത്സ്യത്തൊഴിലാളികൾ. വിനോദസഞ്ചാരിയെപ്പോലെ എത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികളായ തങ്ങളെ രാഹുൽ അപമാനിച്ചെന്ന്‌ മുതാക്കര സ്വദേശി ആർ റോബിൻ പറഞ്ഞു. ‘നല്ല നടനാണെന്ന് അദ്ദേഹം തെളിയിച്ചു. എന്നാൽ, മത്സ്യത്തൊഴിലാളികളുടെ മുഖത്തടിച്ചതുപോലെയായി. രാവിലെ ആറിന്‌ മത്സ്യത്തൊഴിലാളികൾക്കൊപ്പം വള്ളത്തിൽ കടലിൽ പോയി മീൻപിടിച്ച്‌ രണ്ടര മണിക്കൂറിൽ തിരിച്ചെത്തിയത്രെ. കിലോമീറ്ററുകൾ കടന്നുവേണം വല ഉറപ്പിക്കാൻ. കടലിലേക്കുള്ള യാത്രയ്‌ക്കുമാത്രം വേണം രണ്ടുമണിക്കൂർ. പോയിവരാൻ കുറഞ്ഞത് നാലുമണിക്കൂറെങ്കിലും എടുക്കും’–- റോബിൻ പറഞ്ഞു. മുപ്പതിനായിരം രൂപ നൽകി കരാർ ഉറപ്പിച്ചായിരുന്നു കടൽ നാടകമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. കരയിൽനിന്ന്‌ പോകുമ്പോൾത്തന്നെ വള്ളത്തിൽ മീനുണ്ടായിരുന്നു.

എന്തെങ്കിലും ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ മീൻപിടിക്കുന്ന കഷ്ടപ്പാട് നേരിൽ കാണാൻ അദ്ദേഹം തയ്യാറാകണമായിരുന്നു. 9 എംഎം കണ്ണി വലിപ്പമുള്ള ചൂടൻ വലയിൽ മത്സ്യം കയറുമ്പോൾ പുറത്തേക്കു പോകാതിരിക്കാനാണ് സാധാരണ തൊഴിലാളികൾ വെള്ളത്തിലേക്ക്‌ ചാടുന്നത്. മീൻ കിട്ടാതിരുന്നപ്പോൾ കടലിൽ ചാടിയെന്ന്‌ പറയുന്ന രാഹുൽ തൊഴിലാളികളെ കളിയാക്കുകയാണ്‌–- 30 വർഷമായി മത്സ്യത്തൊഴിലാളിയായ വാടി കല്ലേലിൽ പുരയിടത്തിൽ ബിജു സെബാസ്റ്റ്യൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വരും പോകും. സത്യത്തെ വളച്ചൊടിക്കരുത്. അഞ്ചുവർഷംകൊണ്ട് ഒരു സർക്കാരിൽനിന്ന് മത്സ്യത്തൊഴിലാളികളുടെ നന്മയ്‌ക്കായി കിട്ടാൻ ബാക്കി ഒന്നുമില്ല. എന്നിട്ടും എന്തിനാണീ നാടകമെന്നും ബിജു ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker