ന്യൂഡൽഹി: രണ്ട് വര്‍ഷത്തെ ജയിൽ ശിക്ഷ വിധിച്ചപ്പോൾ തന്നെ രാഹുൽ ഗാന്ധി സ്വയമേവ അയോഗ്യനാക്കപ്പെട്ടുവെന്ന് മുതിര്‍ന്ന സുപ്രിംകോടതി അഭിഭാഷകനും മുൻ കേന്ദ്ര നിയമ മന്ത്രിയുമായ കപിൽ സിബൽ. വിചിത്രമായ ആ ശിക്ഷാ വിധി വന്നതോടെ രാഹുൽ ഗാന്ധി സ്വയമേവ പാര്‍ലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കള്ളന്മാർക്കെല്ലാം മോദിയെന്ന പേര് പരാമർശത്തിലായിരുന്നു സൂറത്ത് കോടതി ശിക്ഷ വിധിച്ചത്. 2 വർഷം തടവ് ശിക്ഷയായിരുന്നു സിജെഎം കോടതിയുടെ വിധിച്ചത്. മാനനഷ്ടക്കേസിൽ നൽകാവുന്ന പരമാവധി ശിക്ഷയായിരുന്നു ഇത്. എന്നാൽ ജാമ്യം ലഭിച്ച രാഹുലിന് അപ്പീൽ നൽകാനായി 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിട്ടുണ്ട്.
രാഹുലിനെതിരായ ശിക്ഷാവിധി അദ്ദേഹത്തെ ലോക്സഭയിൽ വരുന്നതിൽ നിന്ന് തടയുമോ എന്ന് പലര്‍ക്കും സംശയങ്ങളുണ്ടായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി നിലവിൽ അയോഗ്യനാണെന്ന് മുൻ കോൺഗ്രസ് നേതാവ് കൂടിയായ കപിൽ സിബൽ ഊന്നിപ്പറയുന്നു. ശിക്ഷ സസ്പെൻഡ് ചെയ്താൽ പോരാ, വിധി സസ്പെൻഡ് ചെയ്യുകയോ സ്റ്റേ ചെയ്യുകയോ ചെയ്താൽ മാത്രമേ അദ്ദേഹത്തിന് പാര്‍ലമെന്റ് അംഗമായി തുടരാനാകൂ എന്ന് കപിൽ സബൽ പറഞ്ഞതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് വര്‍ഷത്തേക്ക് ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാൽ ആ സീറ്റ് ഒഴിഞ്ഞുകിടക്കുമെന്ന് നിയമം പറയുന്നു. സ്വാഭാവികമായും സ്പീക്കര്‍ക്ക് നിയമാനുസൃതം നീങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ഏറെ ശ്രദ്ധിച്ച ലില്ലി തോമസ് വിഎസ് യൂണിയൻ ഓഫ് ഇന്ത്യ കേസിലെ 2013 ജൂലൈ 10 ലെ വിധിക്ക് പിന്നാലെ യു പി എ സർക്കാർ ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു. ‘ഏതെങ്കിലും എം പി, എം എൽ എ അല്ലെങ്കിൽ ജനപ്രതിനിധി ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാൽ ഉടനടി അയോഗ്യരാകും എന്നതായിരുന്നു വിധിയുടെ ചുരുക്കം. ബലാൽസംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യതയുണ്ടാകും.
മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ടു വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ ഉടൻ തന്നെ സഭയിലെ അംഗത്വം നഷ്‌ടപ്പെടുമെന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. എന്നാൽ വിധി വന്നാൽ ഉടനടി തന്നെ ജനപ്രതിനിധികൾ അയോഗ്യരാക്കുന്നത് ഒഴിവാക്കാനായിരുന്നു യു പി എ സർക്കാർ ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചത്. ജനപ്രതിനിധികൾക്ക് അപ്പീൽ നൽകാൻ സമയം അനുവദിക്കണം എന്നതായിരുന്നു ഓർഡിനൻസിന്‍റെ ലക്ഷ്യം. എന്നാൽ ഈ ഓഡിനൻസ് രാഹുൽ ഗാന്ധി പരസ്യമായി കീറിയെറിഞ്ഞത് വാര്‍ത്തയായിരുന്നു.