26.9 C
Kottayam
Thursday, May 16, 2024

‘റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കാന്‍ കഴിയില്ല’: മന്ത്രി പിയൂഷ് ഗോയല്‍

Must read

ന്യൂഡല്‍ഹി: റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. റബ്ബര്‍ കര്‍ഷകരുടെ വിഷയത്തില്‍ ഇടത് എംപിമാര്‍ കഴിഞ്ഞ മാസം കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെ കണ്ട് ചര്‍ച്ച നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഇതിനുള്ള മറുപടിയിലാണ് റബ്ബര്‍ കര്‍ഷകരെ സ്വീകരിക്കാനുള്ള ഒരു നടപടിയും കേന്ദ്രം സ്വീകരിച്ചിട്ടില്ലെന്ന് പിയൂഷ് ഗോയല്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് 15ന് കേന്ദ്രമന്ത്രി എഴുതിയ കത്ത് എളമരം കരീം എം പി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

താങ്ങുവില പ്രഖ്യാപിക്കുന്ന 25 കാര്‍ഷിക വിളകളുടെ കൂട്ടത്തില്‍ റബ്ബര്‍ ഉള്‍പ്പെടുന്നില്ല. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ വിളയെയും എംഎസ്പി പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ റബ്ബറിനെ അതില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

റബ്ബര്‍ കര്‍ഷകരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയം എന്താണെന്ന് വ്യക്തമാകുന്നതാണ് മന്ത്രിയുടെ മറുപടിയെന്ന് എളമരം കരീം എം പി ഫേസ്ബുക്കില്‍ കുറിച്ചു. ബിജെപിയുടെ കപട വാഗ്ദാനങ്ങളില്‍ അറിഞ്ഞോ അറിയാതെയോ വീണുപോകുന്നവരില്‍ സമൂഹത്തിലെ ഉന്നതസ്ഥാനീയരുമുണ്ട്. കര്‍ഷകരെ സഹായിക്കാന്‍ ബിജെപി നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണിതെന്നും എളമരം കരീം ഫേസ്ബുക്കില്‍ കൂട്ടിച്ചേര്‍ത്തു.

റബ്ബറിന്റെ വില ഉയര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശം ചര്‍ച്ചയായിരുന്നു. റബ്ബറിന്റെ വില 300 രൂപയായി ഉയര്‍ത്തിയാല്‍ പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നും അംഗങ്ങളില്ലെന്ന പരാതി മാറ്റിത്തരാമെന്നായിരുന്നു പാംപ്ലാനിയുടെ പരാമര്‍ശം. കണ്ണൂര്‍ ആലക്കോട് നടന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week