ന്യൂഡല്‍ഹി: ഓഗസ്റ്റ് പകുതിയോടെ ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷം കടന്ന വെള്ളിയാഴ്ചയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
‘10,00,000 കടന്നു. കൊവിഡ് 19 ഇതേ വേഗതയില്‍ വ്യാപനം തുടരുകയാണെങ്കില്‍ ഓഗസ്റ്റ് 10 ആകുമ്പോഴേക്കും കൊവിഡ് 19 ബാധിതരുടെ എണ്ണം 20,00,000 ലക്ഷത്തിലെത്തും. മഹാമാരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ദൃഢമായ, കൃത്യമായി ആസൂത്രണം ചെയ്ത നടപടികള്‍ എടുക്കേണ്ടതുണ്ട്’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്കയുടെയും ബ്രസീലിന്റെയും തൊട്ടു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 10,03,832 ആയി. ഇതില്‍ 3,42,473പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 6,35,757 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ രാജ്യത്ത് 687 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്ത് കൊവിഡ് മരണം 25,602 ആയി ഉയര്‍ന്നു. രാജ്യത്ത് മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.