തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തില്ലെന്ന് രാഹുല്‍ ഈശ്വര്‍. തിങ്കളാഴ്ച രാവിലെ പൗഡിക്കോണത്തെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് രാഹുല്‍ ഈശ്വര്‍ ഇക്കാര്യം മാധ്യമങ്ങളോട് ഉറക്കെ വിളിച്ചുപറഞ്ഞത്. ”രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തണമെന്നാണ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്, നിര്‍ത്തില്ല” എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. പിന്നാലെ പോലീസുകാര്‍ക്കൊപ്പം രാഹുല്‍ ഈശ്വറും വീട്ടിലേക്ക് കയറിപ്പോയി.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ പീഡനപരാതി നല്‍കിയ യുവതിയെ തിരിച്ചറിയുംവിധം സാമൂഹികമാധ്യമങ്ങളില്‍ പരാമര്‍ശം നടത്തിയതിനും ഇവരെ അധിക്ഷേപിച്ചെന്നും ആരോപിച്ചാണ് രാഹുല്‍ ഈശ്വറിനെ കഴിഞ്ഞദിവസം അറസ്റ്റ്‌ചെയ്തത്. ഞായറാഴ്ച വൈകീട്ട് പൗഡിക്കോണത്തെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിനെ രാത്രി ഒന്‍പതുമണിയോടെയാണ് അറസ്റ്റ്‌ചെയ്തത്. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ രാഹുല്‍ ഈശ്വറിന്റെ ലാപ്‌ടോപ്പ് ഉള്‍പ്പെടെ കണ്ടെടുക്കാനായാണ് പൗഡിക്കോണത്തെ വീട്ടിലെത്തിച്ചത്.
പൗഡിക്കോണത്തെ വീട്ടിലാണ് രാഹുല്‍ ഈശ്വറിന്റെ സ്റ്റുഡിയോയും സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെയാണ് തെളിവെടുപ്പ്. രാഹുല്‍ ഈശ്വറിനെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ ഭാര്യയും മകനും ഇവിടെയെത്തിയിരുന്നു. എന്തോ ഡിജിറ്റല്‍ ഉപകരണങ്ങള്‍ തേടിയാണ് പോലീസ് വന്നിരിക്കുന്നതെന്ന് രാഹുല്‍ ഈശ്വറിന്റെ ഭാര്യയും പ്രതികരിച്ചു. തുടര്‍ന്ന് ഇരുവരും പോലീസിനൊപ്പം വീടിനകത്തേക്ക് പോയി. തെളിവെടുപ്പ് തുടരുകയാണ്.


