ബ്യൂട്ടി ഇൻഫ്‌ലുവന്‍സറെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി വനത്തിൽ ഉപേക്ഷിച്ചു; മുന്‍ ആൺസുഹൃത്ത് പിടിയിൽ

ബ്യൂട്ടി ഇൻഫ്‌ലുവന്‍സറെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി വനത്തിൽ ഉപേക്ഷിച്ചു; മുന്‍ ആൺസുഹൃത്ത് പിടിയിൽ

വിയന്ന: ബ്യൂട്ടി ഇന്‍ഫ്‌ളുവന്‍സറായ 31-കാരിയെ മുന്‍ ആണ്‍സുഹൃത്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി അയൽരാജ്യത്തെ വനത്തില്‍ ഉപേക്ഷിച്ചു. മധ്യയൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയിലാണ് സംഭവം. മേക്കപ്പ്-ഫാഷന്‍ കണ്ടന്റ് ക്രിയേറ്ററായ സ്റ്റെഫാനി പൈപ്പര്‍ ആണ് കൊല്ലപ്പെട്ടത്. ഓസ്ട്രിയയുടെ സമീപരാജ്യമായ സ്ലൊവാനിയയിലെ വനത്തില്‍നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്.

നവംബര്‍ 23-ാം തീയതി, ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെയാണ് സ്‌റ്റെഫാനിയെ കാണാതായത്. വീടെത്തിയെന്ന് പറഞ്ഞ് ഒരു സുഹൃത്തിന് അവര്‍ സന്ദേശം അയച്ചിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ വീട്ടില്‍ മറ്റാരോ ഉണ്ടെന്ന് സംശയിക്കുന്നതായും സ്റ്റെഫാനി സുഹൃത്തിന് സന്ദേശം അയച്ചതായി ഓസ്ട്രിയന്‍ പോലീസ് പറഞ്ഞു. സ്റ്റെഫാനിയെ കാണാതായതിന് പിന്നാലെ ബന്ധുക്കളും സഹപ്രവര്‍ത്തകരും പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്റ്റെഫാനിയുടെ വീട്ടില്‍നിന്ന് വാക്കുതര്‍ക്കത്തിന്റെ ബഹളം കേട്ടതായും അവരുടെ ആണ്‍സുഹൃത്തിനെ കണ്ടതായും അയല്‍വാസികള്‍ മൊഴിനല്‍കിയിരുന്നു.

ഓസ്ട്രിയ-സ്ലൊവാനിയ അതിര്‍ത്തിയിലെ ഒരു കാസിനോയ്ക്കരികില്‍നിന്ന് സ്ലൊവാനിയന്‍ പോലീസാണ് സ്‌റ്റെഫാനിയുടെ ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തത്. കാസിനോയുടെ പാര്‍ക്കിങ്ങില്‍ ഒരു കാറിന് തീപിടിച്ചിരുന്നു. ഈ കാറിന്റെ ഉടമസ്ഥന്‍ ഇയാളായിരുന്നു. ഇതേ കാറില്‍ പലവട്ടം സ്ലൊവാനിയയിലേക്ക് സഞ്ചരിച്ചിട്ടുണ്ട്.

സ്ലൊവാനിയ, പിന്നീട് ഇയാളെ ഓസ്ട്രിയയ്ക്ക് കൈമാറി. ചോദ്യം ചെയ്യലില്‍ സ്‌റ്റെഫാനിയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ ഓസ്ട്രിയന്‍ പോലീസിനോടു സമ്മതിക്കുകയും മൃതദേഹം ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റെഫാനിയുടെ ആണ്‍സുഹൃത്തിന്റെ രണ്ട് പുരുഷബന്ധുക്കളെ കൂടി അറസ്റ്റ് ചെയ്തതായി ഓസ്ട്രിയന്‍ പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News