കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ രംഗത്തെത്തിയ ഉമാ തോമസ് എംഎൽഎയെ വളഞ്ഞിട്ടാക്രമിച്ച് സൈബർ കൂട്ടം. വാട്സാപ്പ് ഗ്രൂപ്പുകളിലും ഫെയ്സ്ബുക്കിലും കേട്ടാലറക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങളാൽ കമന്റ് ബോക്സും പോസ്റ്റും നിറയുകയാണ്. ഇതിനകം തന്നെ ഉമ തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധി കമന്റുകളാണ് വന്നത്.
‘ഈ സ്ത്രീയൊക്കെ എംഎൽഎ ആയത് എന്തെങ്കിലും കഴിവ് ഉണ്ടായിട്ടാണോ?’, ‘ഭർത്താവിന്റെ ഔദാര്യം’, ‘നിങ്ങൾ എന്ത് കോപ്പാണ് പറയുന്നത്?, രാഷ്ട്രീയത്തിൽ താങ്കൾക്ക് വിവരമില്ല’, ‘അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നോളണം, കോലും നീട്ടിപ്പിടിച്ചവർക്ക് നേരെ വായ തുറക്കാൻ നിൽക്കരുത്’, ‘ഒരു ബഹുമാനം കൊണ്ട് പറയുകയാണ്, കൂടുതൽ ഒന്നും പറയിപ്പിക്കരുത്, മേലനങ്ങാതെ എംഎൽഎ ആയതു കൊണ്ടുള്ള കുഴപ്പം ആണ്…’ ഇങ്ങനെ നീണ്ടു പോകുന്ന കമന്റുകളും തെറിയഭിഷേകങ്ങളുമാണ് ഉമാ തോമസ് എംഎൽഎയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് കീഴെ നിറയുന്നത്. രാഹുലിനെതിരേ പറഞ്ഞാൽ എംഎൽഎ ആണെന്ന് നോക്കില്ലെന്ന ഭീഷണിയും മുഴക്കുന്നുണ്ട്.
ഒന്നിനുപുറകേ ഒന്നായി ആരോപണങ്ങളുയരുമ്പോൾ ധാർമിക ഉത്തരവാദിത്വത്തോടെ മാറിനിൽക്കണമെന്നായിരുന്നു ഉമാ തോമസ് എംഎൽഎ കഴിഞ്ഞ ദിവസം പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി പാർട്ടി ആവശ്യപ്പെടുകതന്നെ വേണം. പരിചയപ്പെട്ട ദിവസംമുതൽ ഇത്തരമൊരു സൂചനപോലും കിട്ടിയിരുന്നില്ല. ഇങ്ങനെയൊരു കാര്യം അറിഞ്ഞിരുന്നെങ്കിൽ നടപടിയെടുക്കാൻ നേരത്തേ ആവശ്യപ്പെടുമായിരുന്നെന്നും ഉമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സൈബറാക്രമണം ശക്തമായത്
.
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി രംഗത്തെത്തിയ റിനി ആൻ ജോർജിനെതിരേയും രാഹുലിനെ എതിർത്ത് രംഗത്തെത്തിയ കോൺഗ്രസ് വനിതാ നേതാക്കൾക്കെതിരേയും സൈബറിടത്തിൽ വ്യാപക ആക്രമണം നടന്നിരുന്നു.


