ഉറങ്ങിക്കിടന്ന 9 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് മരണം വരെ തടവ്; സഹോദരിക്ക് കോടതി പിരിയും വരെയും തടവ്

ഉറങ്ങിക്കിടന്ന 9 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് മരണം വരെ തടവ്; സഹോദരിക്ക് കോടതി പിരിയും വരെയും തടവ്

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന ഒന്‍പതുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണംവരെ കഠിനതടവ്. കുടക് നപ്പോക്ക് സ്വദേശി പി.എ. സലീ(40)മിനെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി.എം.സുരേഷ് ശിക്ഷിച്ചത്.

പീഡനത്തിനിരയായ കുട്ടിയില്‍നിന്നു കവര്‍ന്ന കമ്മല്‍ വില്‍ക്കാന്‍ സഹായിച്ച പ്രതിയുടെ സഹോദരിയും കേസിലെ രണ്ടാം പ്രതിയുമായ കൂത്തുപറമ്പ് സ്വദേശിനി സുഹൈബ(21)യെ തിങ്കളാഴ്ച കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശിക്ഷാവിധി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

2024 മേയ് 15-നാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ മൂന്നിന് കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് സലീം വീട്ടിനകത്ത് കയറിയത്. മുന്‍വാതിലിലൂടെ കയറി കുട്ടിയെ എടുത്ത് അരക്കിലോമീറ്റര്‍ അകലെയുള്ള വയലില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയെ വയലില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയും ചെയ്തു. പേടിച്ചരണ്ട ബാലിക ഇരുട്ടില്‍ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തുകയായിരുന്നു.

കുട്ടിയുടെ സ്വര്‍ണക്കമ്മല്‍ വിറ്റുകിട്ടിയ കാശുമായി മഹാരാഷ്ട്രയിലും ബെംഗളൂരുവിലും ഒടുവില്‍ ആന്ധ്രയിലുമെത്തിയ സലീമിനെ ഒന്‍പതാം നാള്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. അന്നത്തെ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടറും നിലവില്‍ പേരാവൂര്‍ ഡിവൈഎസ്പിയുമായ എം.പി. ആസാദിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പോക്‌സോ ഉള്‍പ്പെടെ ഏഴുവകുപ്പുകള്‍ ചേര്‍ത്ത് പ്രതി അറസ്റ്റിലായതിന്റെ 39-ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. ഈ വര്‍ഷം ജനുവരിയിലാണ് വിചാരണ തുടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News