ഗവ. കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിക്ക് റാഗിങ്ങ്; 13 പേര്‍ക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: ഗവ. കോളജില്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥി റാഗിങ്ങിനിരയായ സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ 13 പേര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ടും മൂന്നും വര്‍ഷ ബിരുദ വിദ്യാര്‍ഥികളെയാണ് പ്രിന്‍സിപ്പല്‍ വി.എസ്. അനില്‍കുമാര്‍ സസ്പെന്‍ഡ് ചെയ്തു. ജൂലൈ 13ന് കോളജ് ക്യാംപസില്‍ വച്ചു നടന്ന റാഗിങ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇവര്‍ക്കെതിരെ വിദ്യാര്‍ത്ഥിയും കോളേജ് അധികൃതരും പോലിസില്‍ പരാതി നല്‍കി.

ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയെ 13 അംഗ സംഘം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തതായാണ് ആരോപണം. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥി രക്ഷിതാക്കളെ വിവരം അറിയിക്കുകയും തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ചെയ്തു. പരാതി പരിശോധിച്ച കോളജ് അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ റാഗിങ് നടന്നിട്ടുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്.

പരാതി ഗൗരവമായി കണക്കിലെടുത്ത് അന്വേഷണ റിപ്പോര്‍ട്ട് സഹിതം കോളജ് അധികൃതര്‍ പൊലീസിലും പരാതി നല്‍കുന്നതുള്‍പ്പടെയുള്ള തുടര്‍നടപടികളും സ്വീകരിക്കുമെന്നു കോളജ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വിദ്യാര്‍ഥിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ക്യാംപസില്‍ റാഗിങ് അനുവദിക്കില്ലെന്ന കര്‍ശന നിലപാടാണ് കോളജ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ ശക്തമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News