ജയ്പുര്‍: ക്ലാസ് മുറിയില്‍ നിന്നും 500 രൂപ കാണാതായതിനെ തുടര്‍ന്ന് അധ്യാപിക വിദ്യാര്‍ത്ഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് ആരോപണം. രാജസ്ഥാനിലെ സവായ് മാധോപുര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഒരു ക്ലാസ് മുറിയില്‍ നിന്ന് 500 രൂപ കാണാതായതിനെ തുടര്‍ന്ന് അധ്യാപിക വിദ്യാര്‍ഥികളെ വിവസ്ത്രരാക്കി പരിശോധിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവം വിവാദമായതോടെ സ്‌കൂളിലെ മുതിര്‍ന്ന അധ്യാപികയായ സരസ്വതി മീണയെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
എന്നാല്‍ ഈ ആരോപണങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയതായി ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ഇത്തരമൊരു പരിശോധന നടന്നിട്ടില്ലെന്നും വിദ്യാര്‍ഥികളെക്കൊണ്ട് ബാഗുകള്‍ പരിശോധിപ്പിക്കുക മാത്രമാണ് ഉണ്ടായതെന്നും അധികൃതര്‍ പറയുന്നു. കുട്ടികളും ഇത് ശരിവച്ചതായി സവായ് മധോപൂരിലെ ചീഫ് ഡിസ്ട്രിക്റ്റ് എജ്യുക്കേഷന്‍ ഓഫിസര്‍ മീന കുമാരി ലസാരിയ പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍ ഈ സംഭവം വിവാദമാക്കുകയും അധ്യാപികയ്‌ക്കെതിരെ തിരിയുകയുമായിരുന്നു.
ഈ വിവാദം വകുപ്പിന്റെ പ്രതിച്ഛായയെ മോശമായി ബാധിച്ചതിനാലാണ് അധ്യാപികയ്‌ക്കെതിരെ നടപടിയെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ''ആരോപണങ്ങള്‍ സത്യമാണെന്ന് കണ്ടെത്തിയിട്ടില്ല. ഈ സംഭവം വകുപ്പിന്റെ പ്രതിച്ഛായയെ ബാധിച്ചതിനാല്‍ മീനയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്'' ലസാരിയ കൂട്ടിച്ചേര്‍ത്തു. നാട്ടുകാര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് നിര്‍ണയിക്കാന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ലസാരിയ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ഉദ്യോഗസ്ഥര്‍ തുടരന്വേഷണം നടത്തിവരികയാണ്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം അധ്യാപിക നേരിട്ടല്ല പരിശോധനകള്‍ നടത്തിയതെന്നാണ് നിലവിലെ നിഗമനം.


