ന്യൂഡല്‍ഹി: രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി ടിക് ടോക് ഉള്‍പ്പെടെയുളള 59 ചൈനീസ് ആപ്പുകള്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുന്നുവെന്ന വിലയിരുത്തലിലാണ് തീരുമാനം. അതേസമയം ആപ്പുകള്‍ നിരോധിച്ചതോടെ ഇത് സംബന്ധിച്ചു നിരവധി സംശയങ്ങളാണ് ഉയരുന്നത്. അതിലൊന്നാണ് ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണുകളില്‍ ഇനി പ്രവര്‍ത്തിക്കുമോഎന്നത്.
നിരോധിച്ച ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നവര്‍ ഫോണില്‍ നിന്നു ഡിലീറ്റ് ചെയ്യാതിരിക്കുന്നത് നിയമവിരുദ്ധമല്ല. ഇവ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം പക്ഷെ ഇവയ്ക് തുടര്‍ അപ്ഡേറ്റുകളോ ഡവല്പര്‍ സപ്പോര്‍ട്ടോ ഇനി ലഭിക്കില്ല. ഡേറ്റ ട്രാഫിക് നിര്‍ത്തുന്നതോടെ ഇന്ത്യന്‍ നെറ്റ്വര്‍ക്കുകളില്‍ ഈ ആപ്പുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായിരിക്കും. നിരോധനം വന്നതിന് പിന്നാലെ പ്ലേ സ്റ്റോറുകളില്‍ നിന്ന് ടിക് ടോക് ആപ്ലിക്കേഷന്‍ നീക്കിയിരിക്കുകയാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ആണ് ടിക് ടോക് നീക്കിയത്.
അതേസമയം, ഉപയോക്താക്കളുടെ വിവരങ്ങള്‍ ആര്‍ക്കും കൈമാറിയിട്ടില്ലെന്നും ടിക് ടോക് വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു. വിവരശേഖരണവും സുരക്ഷയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിട്ടുണ്ട്. ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുളള ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പിന്റെ വിശദീകരണം. ടിക് ടോകിന് പുറമെ യുസി ബ്രൗസര്‍ അടക്കമുളള 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.