മീറ്റര്‍ റീഡിംഗ് എടുക്കാതെ വന്ന വൈദ്യുത ബില്ല് കണ്ട് ‘ഷോക്കടിച്ച്’ നടി കാര്‍ത്തിക
മുംബൈ: ജൂണ്‍ മാസത്തിലെ വൈദ്യുതി ബില്ല് കണ്ട് ഞെട്ടി നടി കാര്‍ത്തിക നായര്‍. ഒരു ലക്ഷത്തോളം രൂപയാണ് താരത്തിന്റെ വൈദ്യുതി ബില്‍. ബില്‍ തുക കണ്ട പാടെ തനിക്കുണ്ടായ ഞെട്ടല്‍ കാര്‍ത്തിക ഒരു ട്വീറ്റില്‍ പ്രകടിപ്പിച്ചു. മുംബയിലെ വീട്ടിലേക്ക് വന്ന അദാനി ഇലക്ട്രിസിറ്റിയുടെ ബില്ലിലാണ് ഭീമമായ തുക ഉണ്ടായിരുന്നത്.
ലോക്ഡൗണിനിടെ മീറ്റര്‍ റീഡിങ് എടുക്കാതെയാണ് ബില്‍ നല്‍കിയതെന്ന് കാര്‍ത്തിക പരാതിപ്പെടുന്നു. കാര്‍ത്തികയുടെ ട്വീറ്റിന് അദാനി ഇലക്ട്രിസിറ്റി മറുപടി നല്‍കുന്നുണ്ട്. അക്കൗണ്ട് നമ്പറും കോണ്‍ടാക്ട് വിവരങ്ങളും തങ്ങള്‍ക്ക് കൈമാറാന്‍ ഇവര്‍ മറുപടി ട്വീറ്റില്‍ പറഞ്ഞു. സിനിമയില്‍ നിന്നും ബിസിനസിലേക്ക് തിരിഞ്ഞ കാര്‍ത്തിക ഇപ്പോള്‍ പ്രമുഖ ഹോട്ടല്‍ വ്യവസായ ഗ്രൂപ്പിന്റെ ഡയറക്ടറാണ്.
മുന്‍കാല നടി രാധയുടെ മകളായ കാര്‍ത്തിക മലയാളത്തില്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘മകരമഞ്ഞി’ലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ‘കമ്മത്ത് ആന്‍ഡ് കമ്മത്ത്’ എന്ന സിനിമയിലും നായികാ വേഷം ചെയ്തു. തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായിരുന്നപ്പോഴാണ് കാര്‍ത്തിക വ്യവസായ രംഗത്തേക്ക് തിരിഞ്ഞത്.