കോഴിക്കോട് : കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശ്രീനിവാസ്. കോർപ്പറേഷൻ അല്ലാതെ മറ്റ് ആളുകൾക്ക് പണം നഷ്ടമായതായി ഇതുവരെ വിവരമില്ലെന്നും പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും കമ്മീഷണർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കോര്‍പറേഷന്‍റെ അക്കൌണ്ടിൽ നിന്നും പണം മാനേജർ തട്ടിയെടുത്തുവെന്ന വിവരം പുറത്ത് വന്നത്. ആദ്യം 98 ലക്ഷത്തിന്റെ തിരിമറി നടന്നുവെന്നായിരുന്നു പുറത്ത് വന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നുളള സംഘം ബാങ്കില്‍ പരിശോധന തുടരുകയാണ്. വിവിധ അക്കൗണ്ടുകളില്‍ നിന്നായി മാനേജര്‍ റിജില്‍ തട്ടിയെടുത്ത തുക 20 കോടി വരെയാകാമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ വിലയിരുത്തല്‍.
ലിങ്ക് റോഡ് ശാഖയിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ മുഴുവന്‍ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. റിജില്‍ അവസാനം ജോലി ചെയ്ത എരഞ്ഞിപ്പാലം ശാഖയിലെ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ലിങ്ക് റോഡ് ശാഖയിലെ കോര്‍പറേഷന്‍ അക്കൗണ്ടില്‍ നിന്ന് പിതാവിന്‍റെ പേരിലുളള അക്കൗണ്ടിലേക്കും ആക്സിസ് ബാങ്കിലെ സ്വന്തം പേരിലുളള അക്കൗണ്ടിലേക്കും രജില്‍ എത്ര തുക മാറ്റിയെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.
കോര്‍പറേഷന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തട്ടിപ്പ് ഇരുപത് കോടി വരെ ആകാമെന്നാണ് ബാങ്കിന്‍റെ നിഗമനം. രജില്‍ തട്ടിയെടുത്ത രണ്ടര കോടി രൂപ കഴിഞ്ഞ ദിവസം കോര്‍പറേഷന് തിരികെ നല്‍കിയ ബാങ്കിന് ഇനി എത്ര തുക കൂടി കോര്‍പറേഷന് നല്‍കേണ്ടി വരുമെന്ന ചോദ്യത്തിന് മറുപടിയില്ല.
കോർപ്പറേഷൻ അക്കൗണ്ടുകളിലെ കണക്കുകൾ സംബന്ധിച്ച് പഞ്ചാബ് നാഷണൽ ബാങ്കിനോട് വിവരം തേടിയിട്ടുണ്ടെന്നാണ് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് നൽകുന്ന വിശദീകരണം. മുഴുവൻ വിവരങ്ങളും കൈ മാറാൻ ബാങ്ക് അധികൃതർ മൂന്നു ദിവസം ആവശ്യപ്പെട്ടിട്ടുണ്ട്. പണം ഇടപാട് സംബന്ധിച്ച് നേരത്തെ കോർപ്പറേഷന് വിവരം ലഭിച്ചിരുന്നില്ലെന്നും മേയർ വ്യക്തമാക്കി.
അതേസമയം, മകന്‍ ഇങ്ങനെയൊന്നും ചെയ്യുമെന്ന് മാതാപിതാക്കൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. മകന്‍ നിരപരാധിയെന്നും ആരോ കുടുക്കിയതാകാമെന്നുമാണ് മാതാപിതാക്കള്‍ പ്രതികരിച്ചത്. അതിനിടെ, തട്ടിപ്പില്‍ പ്രതിഷേധിച്ച് ഇടതു കൗണ്‍സിലര്‍മാര്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ലിങ്ക് റോഡ് ശാഖയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തി.