ചണ്ഡീഗഡ്: പഞ്ചാബിലെ മാൻസയിൽ വിവാഹിതയുമായുള്ള ബന്ധത്തിന്റെ പേരിൽ യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു. ഖോഖർ റോഡ് സ്വദേശിയായ ജഷൻദീപ് സിങ് (25) ആണ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംസ്ഥാനവ്യാപകമായി വൻ പ്രതിഷേധം ഇരമ്പുകയാണ്. ജഷൻദീപിന്റെ അയൽവാസിയും മൂന്നു കുട്ടികളുടെ അമ്മയുമായ യുവതിയുടെ വീട്ടുകാരാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.
ബൊലേറോ കാറിലെത്തിയ നാലഞ്ചു പുരുഷന്മാരും രണ്ട് സ്ത്രീകളും ചേർന്ന് ജഷൻദീപിനെ തെരുവിൽ വച്ച് അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പിതാവ് ഗുർസേവക് സിങ് പറഞ്ഞു. മരത്തിൽ കെട്ടിയിട്ട ശേഷം മാരകായുധങ്ങൾ കൊണ്ട് നടത്തിയ മർദനത്തിൽ യുവാവിന്റെ കൈകാലുകൾ ഒടിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ജഷൻദീപിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
തന്റെ മകനെ ആ യുവതി നിരന്തരമായി ഫോണിൽ വിളിക്കാറുണ്ടായിരുന്നുവെന്നും അത് നിർത്താൻ പലതവണ ആവശ്യപ്പെട്ടിരുന്നതായും ജഷൻദീപിന്റെ മാതാവ് പറഞ്ഞു. ഇതിനു മുൻപും ഇതേ വിഷയത്തിൽ മകന് നേരെ ആക്രമണമുണ്ടായിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു. മാരകമായി പരിക്കേറ്റ് അവശനായ മകനെ വഴിയിൽ ഉപേക്ഷിച്ചാണ് അക്രമികൾ കടന്നുകളഞ്ഞതെന്നും ഇവർ പറഞ്ഞു.
അക്രമികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും നീതി ലഭിക്കണമെന്നുമാണ് ജഷൻദീപിന്റെ സഹോദരൻ ഹർമൻദീപ് സിങ്ങും കുടുംബവും ആവശ്യപ്പെടുന്നത്. നിയമം കൈയിലെടുക്കുന്ന ഇത്തരം ആൾക്കൂട്ട നീതിക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഇതോടെ ശക്തമായി.
In a horrific incident in Mansa, Punjab, a 25-year-old youth named Jashandeep Singh was tied to a tree and beaten to death over an alleged relationship with a married woman. The attackers, reportedly family members of the woman, assaulted him with lethal weapons, breaking his limbs and leaving him on the road. Despite being rushed to the hospital, Jashandeep succumbed to his injuries. The incident, captured on video and circulated on social media, has sparked widespread protests across the state. Police have launched a manhunt for the suspects, promising strict action against the perpetrators of this mob justice.


