പുണെ: കേതൻ അഗർവാൾ കൊലപാതക കേസിൽ പ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കേതനുമായുള്ള വിവാഹം വേണ്ടെന്നു വെക്കുന്നതിനെക്കുറിച്ച് വീട്ടുകാരോട് സംസാരിക്കുന്നതിനേക്കാൾ കേതനെ കൊല്ലുന്നതാണ് എളുപ്പമെന്ന് തോന്നിയതിനാലാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് സിയ പോലീസിനോട് സമ്മതിച്ചെന്നാണ് റിപ്പോർട്ട്.
നവംബറിൽ നടക്കാനിരുന്ന വിവാഹം മുടക്കി കുടുംബത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്ന് സിയ ചോദ്യംചെയ്യലിൽ പോലീസിനോട് പറഞ്ഞു. സിയയും കാമുകനും കേസിലെ കൂട്ടുപ്രതിയുമായ ചേതൻ ചൗധരിയും ജനുവരി മുതൽ ഏകദേശം രണ്ടായിരത്തിലധികം തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും പുണെ പോലീസ് പറയുന്നു.
സംഭവത്തിൽ പുണെ, ലോണാവാല പോലീസ് സംഘങ്ങൾ ആറ് പ്രത്യേക ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. സിയയുടെ മാതാപിതാക്കളെയും സഹോദരൻ സാഹിലിനെയും പോലീസ് ചോദ്യംചെയ്തുവരികയാണ്. സിയയും ചേതനും തമ്മിൽ ഒരു സുഹൃത്തിന്റെ ദീപാവലി പാർട്ടിക്കിടെയാണ് അടുത്തതെന്ന് സാഹിൽ മൊഴി നൽകിയിട്ടുണ്ട്.
കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കുന്നതിനായി പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കൂടാതെ, രണ്ട് കുടുംബങ്ങളും തമ്മിലുള്ള വിവാഹം നിശ്ചയിച്ച ഇടനിലക്കാരെയും പോലീസ് ചോദ്യംചെയ്യുന്നുണ്ട്.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്ന കേതൻ അഗർവാൾ ജൂൺ 18-നാണ് ലോഹഗഡ് കോട്ടയിലെ കൊക്കയിൽ വീണ് മരിച്ചത്. സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു ഇതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.


