39 ദിവസത്തിനിടെ നടന്നത് 70 മോഷണങ്ങള്‍; പണവും ആഭരണങ്ങളും പ്രതികള്‍ മോഷ്ടിക്കുന്നത് സി.സി.ടി.വിയില്‍ വ്യക്തം; കണ്ടെടുത്തത് ലക്ഷങ്ങൾ; അയോധ്യാ ക്ഷേത്രത്തിലെ കൊള്ളയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്; സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അയോധ്യ എംപി; അതൃപ്തി അറിയിച്ച് ആര്‍എസ്എസ്

ലക്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്കു വരുമ്പോള്‍ ക്ഷേത്രത്തില്‍ നടന്നത് വന്‍ സംഘടിത കൊള്ളയെന്നാണ് വ്യക്തമാകുന്നത്. നിലിവില്‍ അറസ്റ്റിലായവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍, വമ്പന്‍മാര്‍ക്കും പങ്കുണ്ടെന്ന ആരോപണവും ശക്തമായിരിക്കയാണ്.

പ്രതികള്‍ പണവും ആഭരണങ്ങളും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ പ്രതികള്‍ നോട്ടുകെട്ടുകള്‍ വസ്ത്രത്തില്‍ ഒളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് എസ്‌ഐടിയ്ക്ക് ലഭിച്ചത്. 39 ദിവസത്തിനിടെ 70 തവണ തട്ടിപ്പ് നടന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.സിസിടിവി ദൃശ്യങ്ങള്‍, ഓഡിറ്റ് രേഖകള്‍, നോട്ട് എണ്ണല്‍ പ്രക്രിയ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് എസ്‌ഐടിയുടെ നിര്‍ണായക കണ്ടെത്തല്‍.

ഉദ്യോഗസ്ഥര്‍ പണം കൃത്യമായി എണ്ണി തിട്ടപ്പെടുത്തിയില്ല, മോഷ്ടിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ ആദ്യം തന്നെ പ്രതികള്‍ മാറ്റിയിരുന്നു എന്നതുള്‍പ്പെടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്നും ഇത്തരത്തില്‍ തട്ടിയെടുത്ത പണം തന്ത്രപരമായി അയോദ്ധ്യ രാമക്ഷേത്രത്തിന് പുറത്തെത്തിക്കുകയും അവരുടെ താമസസ്ഥലങ്ങളില്‍ സൂക്ഷിച്ചിരുന്നതായും എസ്‌ഐടി കണ്ടെത്തിയതായാണ് വിവരം. പ്രതികളില്‍ നിന്നും ഇതുവരെ 80 ലക്ഷം രൂപ കണ്ടെത്ിയിട്ടുണ്ട്.

ക്ഷേത്രത്തില്‍ നടന്ന വന്‍കൊള്ളയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയും സംഭാവന തട്ടിപ്പില്‍ ആരോപണനിഴലിലായ ട്രസ്റ്റ് അംഗം അനില്‍ മിശ്രയും രാജിവച്ചിരുന്നു. ഇരുവരേയും കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാണ്.അറസ്റ്റിലായ എട്ടു പ്രതികളെയും അയോധ്യ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജൂണ്‍ 29 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ക്ഷേത്രത്തിലെ പണവും ആഭരണങ്ങളും പ്രതികള്‍ മോഷ്ടിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ക്ഷേത്രത്തില്‍ ലഭിക്കുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളും എണ്ണുന്ന പ്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ചിരുന്നവരും ബാങ്ക് ജീവനക്കാരുമാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. അവിനാഷ് ശുക്ല, അനുകല്‍പ് മിശ്ര, ലവ് കുഷ് മിശ്ര, മനീഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡെ, രാം ശങ്കര്‍ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാമശങ്കര്‍ അഥവാ തിന്നു യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ സുഭാഷ് പണം എണ്ണുന്നതിന് മേല്‍നോട്ടം വഹിച്ച ആളും തിന്നു യാദവ് ഡ്രൈവറുമാണ്. മറ്റുള്ളവരില്‍ ഭൂരിഭാഗവും ബാങ്ക് ജീവനക്കാരാണ്.

പൊതുസേവകര്‍ നടത്തുന്ന വിശ്വാസവഞ്ചന, അഴിമതി നിരോധന നിയമം, ഗൂഢാലോചന, മോഷണം തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. തിങ്കളാഴ്ച പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കുമ്പോള്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.

അതിനിടെ അയോധ്യ ക്ഷേത്രത്തിലെ ഫണ്ട് കൊള്ളയില്‍, ചമ്പത് റായിയെ നേരിട്ട് അതൃപ്തി അറിയിച്ച് ആര്‍എസ്എസ് നേതൃത്വം. 18, 19 തീയതികളില്‍ ഹരിദ്വാറില്‍ വിഎച്ച്പി ബൈഠക്കിനിടെ നടന്ന കൂടിക്കാഴ്ചയിലാണ് ചമ്പത് റായിയെയും, അനില്‍ മിശ്രയേയും ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ കടുത്ത അതൃപ്തി അറിയിച്ചത്. കൊള്ളയുടെ വിശദാംശങ്ങള്‍ തേടുകയും ചെയ്തിരുന്നു. പദവിയില്‍ തുടരുന്നത് ശരിയല്ലെന്ന് ബൈഠക്കില്‍ പങ്കെടുത്ത ആര്‍എസ്എസ്, വിഎച്ച്പി നേതാക്കള്‍ ഇരുവരേയും അറിയിച്ചെന്നും വിവരമുണ്ട്. ഇതിന് പിന്നാലെയാണ് റായി രാജിവെച്ചത്.

അതേസമയം ക്ഷേത്ര ട്രസ്റ്റ് പിരിച്ച് വിട്ടേക്കില്ല. അത്തരം നടപടികളിലേക്ക് കടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് വര്‍ക്കിങ് കമ്മിറ്റി പ്രസിഡന്റ് അലോക് കുമാര്‍. വ്യക്തികള്‍ക്കെതിരെയുള്ള ആക്ഷേപം ട്രസ്റ്റിനെ ബാധിക്കില്ലെന്നാണ് നിലപാട്. കഴിഞ്ഞ ദിവസമാണ് ചമ്പത് റായ് അയോധ്യ ക്ഷേത്ര ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചത്. ഭക്തര്‍ നല്‍കിയ സംഭാവനയില്‍ തട്ടിപ്പ് നടന്നത് പുറത്തുവന്നതിനെ തുടര്‍ന്നാണ് രാജി. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാനാണ് സ്ഥാനം ഒഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതിനിടെ ക്ഷേത്രക്കൊള്ളയില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് അയോധ്യ എംപി അവധേഷ് പ്രസാദ് ആവശ്യപ്പെട്ടു. അന്വേഷണം തുടങ്ങിയ ഉടന്‍ തന്നെ ട്രസ്റ്റ് ഭാരവാഹികള്‍ രാജി വയ്ക്കണമായിരുന്നു. ഒരു സംസ്ഥാനത്തെ മാത്രം പ്രശ്നമല്ലെന്നും, രാജ്യമാകെ പ്രത്യാഘാതം ഉണ്ടാക്കാവുന്ന വന്‍കൊള്ളയാണ് നടന്നതെന്നും അവധേഷ് പ്രസാദ് പറഞ്ഞു.

ക്ഷേത്ര സംഭാവന തട്ടിപ്പ് പുറത്തുവന്നതോടെ ഉത്തര്‍പ്രദേശിലും ദേശീയതലത്തിലും ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ കടുത്ത രാഷ്ട്രീയ യുദ്ധമാണ് ആരംഭിച്ചിരിക്കുന്നത്. അയോധ്യ സന്ദര്‍ശിച്ച ശേഷം സംസാരിച്ച എ.എ.പി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍, ഇതിനെ ഒരു 'ധര്‍മ്മയുദ്ധം' എന്നാണ് വിശേഷിപ്പിച്ചത്. രാമക്ഷേത്രത്തില്‍ 'മഹാ കവര്‍ച്ചയാണ്' നടന്നതെന്നും ഇപ്പോള്‍ അറസ്റ്റിലായവര്‍ വെറും ചെറുകിടക്കാര്‍ മാത്രമാണെന്നും യഥാര്‍ത്ഥ വമ്പന്മാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബി.ജെ.പിയുടെ 'ലങ്കാകാണ്ഡം' അയോധ്യയില്‍ നിന്ന് തന്നെ ആരംഭിച്ചു കഴിഞ്ഞുവെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പരിഹസിച്ചു. സി.സി.ടി.വി നിരീക്ഷണ സംവിധാനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത അദ്ദേഹം, ഭരണകൂടത്തിന്റെ അഴിമതിയാണ് ഇതിലൂടെ പുറത്തുവന്നതെന്നും ആരോപിച്ചു. സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും നിലവിലുള്ള രാമക്ഷേത്ര ട്രസ്റ്റ് ഉടന്‍ പിരിച്ചുവിട്ട് രാഷ്ട്രീയക്കാര്‍ക്ക് പകരം സന്യാസിമാരെയും മതനേതാക്കളെയും ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഭക്തരുടെ വികാരങ്ങളുമായി കളിക്കുന്ന ആരെയും വെറുതെ വിടില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ജൂണ്‍ 13-ന് രൂപീകരിച്ച മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ജൂണ്‍ 23-ന് ലഭിച്ച ഉടന്‍ തന്നെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News