പബ്ജി മൊബൈല്‍ ഇന്ത്യ ഗെയിം ലോഞ്ചിന് അനുമതി നിഷേധിച്ച് ഐടി മന്ത്രാലയം. ലോഞ്ചിനായി ഗവണ്‍മെന്റിന്റെ അനുമതി കാത്തിരിക്കുന്ന ഈ സ്മാഷ്-ഹിറ്റ് ബാറ്റില്‍ റോയല്‍ ഗെയിമിന്റെ സെന്‍സറിങ് പ്രശ്‌നങ്ങളാണ് അനുമതി നിഷേധിക്കാന്‍ കാരണമായത്. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് പബ്ജി മൊബൈല്‍ ഇന്ത്യ ഗെയിം ലോഞ്ച് ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് അറിയിച്ചിരിക്കുന്നത്.
പബ്ജി മൊബൈല്‍ ഇന്ത്യയ്ക്ക് ഏതെങ്കിലും വെബ്സൈറ്റുകള്‍ / മൊബൈല്‍ അപ്ലിക്കേഷനുകള്‍ / സര്‍വ്വീസ് എന്നിവ ആരംഭിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ല എന്നാണ് ഐടി മന്ത്രാലയം വിവരാവകാശത്തിന് നല്‍കിയ മറുപടിയില്‍ അറിയിച്ചിരിക്കുന്നത്.
ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയിലൂടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ പബ്ജി മൊബൈല്‍ ഇന്ത്യ എന്ന ഗെയിമിങ് ആപ്പിന് അനുമതി നല്‍കിയിട്ടുണ്ടോ എന്നാണ് രണ്ട് വിവരാവകാശ അപേക്ഷകളിലും ചോദിച്ചത്. പബ്ജി കോര്‍പ്പറേഷന് രാജ്യത്ത് വീണ്ടും തിരിച്ചടിയുണ്ടാക്കുന്ന വാര്‍ത്തയാണ് ഇത്. പബ്ജി മൊബൈല്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ഒരു വലിയ പദ്ധതി തന്നെ പബ്ജി കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ചിരുന്നു.