പിണറായി സഖാവിനെ വിശ്വാസമാണ്, ഒരിക്കലും ചതിക്കില്ല; സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഗോകുലിന്റെ അമ്മ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി സഖാവിനെ വിശ്വാസമാണെന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന സിപിഒ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഗോകുലിന്റെ അമ്മ. അദ്ദേഹം ഒരിക്കലും ചതിക്കില്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്നും സുമ കൂട്ടിച്ചേര്‍ത്തു. റാങ്ക് പട്ടിക നീട്ടണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടക്കുന്നത്.

സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിക്കാനെത്തിയ ബന്ധുക്കളെ പ്രതിനിധാനം ചെയ്ത് സംസാരിക്കുകയായിരുന്നു വിളവൂര്‍ക്കല്‍ സ്വദേശിനിയായ അവര്‍. തൃശ്ശൂര്‍ ജില്ലയില്‍ 1220-ാം റാങ്കുകാരനായ മകന് അര്‍ഹതപ്പെട്ട ജോലി ലഭിക്കാന്‍വേണ്ടിയാണ് സഹോദരി സുജയോടൊപ്പം സുമ സമരത്തിനെത്തിയത്. താന്‍ വന്നത് എല്ലാ ഉദ്യോഗാര്‍ഥികളുടെയും അമ്മയായിട്ടാണ്. സര്‍ക്കാരിന്റെ കാലാവധി തീരുംമുമ്പ് ജോലികിട്ടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സുമ ആവശ്യപ്പെടുന്നു.

ശനിയാഴ്ച രാവിലെ ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ശയനപ്രദക്ഷിണം നടത്തി. വരും ദിവസങ്ങളില്‍ ഉദ്യോഗാര്‍ഥികളുടെ മാതാപിതാക്കളെയുംകൂടി സമരത്തില്‍ ഉള്‍പ്പെടുത്തുമെന്നും റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിനിധികള്‍ അറിയിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News