പാചകം ചെയ്യുമോയെന്ന് അവതാരകന്റെ ചോദ്യം; നിങ്ങളിത് എന്താണ് പുരുഷന്മാരോട് ചോദിക്കാത്തത്? സൗമ്യത വെടിയാതെ വിമര്‍ശിച്ച് കനിമൊഴി
ചെന്നൈ: സ്ത്രീ ആയതുകൊണ്ട് തന്നെ അഭിമുഖത്തിനിടെ രാഷ്ട്രീയത്തെ കുറിച്ചുള്ള പതിവ് ചോദ്യങ്ങളില്‍ നിന്നു മാറി പാചകത്തെ കുറിച്ച് ചോദിച്ച അവതാരകനെ വിമര്‍ശിച്ച് ഡി.എം.കെ എം.പി കനിമൊഴി. ‘പാചകം ചെയ്യുമോ?’ എന്ന അവതാരകന്റെ ചോദ്യത്തിന് സൗമ്യത വെടിയാതെ തന്നെയാണ് കനിമൊഴി മറുപടി പറഞ്ഞത്.
‘എന്തുകൊണ്ടാണ് ഈ ചോദ്യം പുരുഷന്‍മാരായ രാഷ്ട്രീയപ്രവര്‍ത്തകരോട് ചോദിക്കാത്തത് എന്നായിരുന്നു ചിരിച്ചുകൊണ്ട് കനിമൊഴിയുടെ മറുചോദ്യം. കനിമൊഴി ഒരു എംപിയും രാഷ്ട്രീയപ്രവര്‍ത്തകയുമൊക്കെ ആണല്ലോ എന്നായിരുന്നു അവതാരകന്റെ ന്യായീകരണം.
എന്റെ അച്ഛന്‍ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹത്തോട് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ലല്ലോ എന്ന് കനിമൊഴി ഉത്തരം നല്‍കി. തനിക്ക് പാചകമൊക്കെ അറിയാമെന്നും താനുണ്ടാക്കുന്ന മീന്‍കറി അച്ഛന് ഇഷ്ടമായിരുന്നുവെന്നും കനിമൊഴി തുടര്‍ന്ന് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാകുന്നതിനോടൊപ്പം അവതാരകനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.