തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ മാസം 18 നും 25 നും നടത്താനിരുന്ന പിഎസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. ഒക്ടോബര്‍ 23 , 30 തിയ്യതികളിലേക്കാണ് പരീക്ഷ മാറ്റിയത്. ബിരുദം അടിസ്ഥാനയോഗ്യതയാക്കിയുള്ള പ്രാഥമിക പരീക്ഷകള്‍ക്കാണ് മാറ്റം.
സെപ്റ്റംബര്‍ 7 ന് നടത്താനിരുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പിലെ അറബിക് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബര്‍ 6 ലേക്ക് മാറ്റി. നിപ മൂലം കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട്ട് ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന നിപ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി.എന്‍ക്വയറി കൗണ്ടര്‍, കോണ്ടാക്ട് ട്രാക്കിങ് കൗണ്ടര്‍, മെഡിക്കല്‍ കോളേജ് കോണ്ടാക്ട് ട്രേസിംഗ് ടീം എന്നിങ്ങനെ ഇപ്പോള്‍ മൂന്ന് കൗണ്ടറുകളുള്‍പ്പെടെയാണ് കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കുന്നത്. നിപ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നത് ഈ കണ്‍ട്രോള്‍ റൂമിലൂടെയാണെന്നും മന്ത്രി വ്യക്തമാക്കി.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എന്‍ക്വയറി കൗണ്ടര്‍ ആരംഭിച്ചു. നാല് സ്റ്റാഫ് മൂന്ന് ഷിഫ്റ്റുകളിലായാണ് സേവനമനുഷ്ഠിക്കുന്നത്. 0495 2382500, 501, 800, 801 എന്നീ നമ്പരുകളിലൂടെ സംശയ നിവാരണത്തിന് ബന്ധപ്പെടാവുന്നതാണ്.
ഇതുവരെ കണ്ടെത്തിയ സമ്പര്‍ക്ക പട്ടികയിലുള്ള മുഴുവന്‍ പേരുടേയും കൗണ്ടറില്‍ നിന്ന് ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നു. ആരോഗ്യ സ്ഥിതിയും റെക്കോര്‍ഡ് ചെയ്യുന്നു. രാവിലെ ഒന്‍പത് മുതല്‍ ആറ് വരെയാണ് പ്രവര്‍ത്തന സമയം. 8 വോളന്റിയര്‍മാരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.