തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് ആധാർ നിർബന്ധമാക്കി. ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഒരു മാസത്തിനകം പിഎസ്‌സി വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈലും ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിർദേശം.
ജോലിയില്‍ പ്രവേശിച്ച് നിയമന പരിശോധന പൂര്‍ത്തിയാക്കാത്തവരും ആധാര്‍ നമ്പറുമായി പ്രൊഫൈല്‍ ബന്ധിപ്പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. നിയമനപരിശോധന സുരക്ഷിതമാക്കാനും തൊഴില്‍തട്ടിപ്പ് തടയാനും സര്‍ക്കാര്‍ജോലിക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന പി.എസ്.സി.യുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.
പി.എസ്.സി.യുടെ ഒറ്റത്തവണ പരിശോധന, നിയമനപരിശോധന, ഓണ്‍ലൈന്‍ പരീക്ഷകള്‍, അഭിമുഖം എന്നിവ നടത്താന്‍ ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് തിരിച്ചറിയല്‍ നടത്തുന്നുണ്ട്. ആധാറുമായി ബന്ധിപ്പിച്ച ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ മുഖേന ഉദ്യോഗാര്‍ത്ഥികളുടെയും ജീവനക്കാരുടെയും ഐഡന്റിറ്റി പരിശോധിക്കുന്നതാണ്.
പുതുതായി പി.എസ്.സി.യില്‍ രജിസ്റ്റര്‍ചെയ്യാനും ആധാര്‍ നിര്‍ബന്ധമാണ്. പി.എസ്.സി.യുടെ ഒറ്റത്തവണ രജിസ്‌ട്രേഷനില്‍ ഇതുവരെയായി 53 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 32 ലക്ഷം പേര്‍ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ട്.