ചെന്നൈ: പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസില്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകനും സംഘട്ടന സംവിധായകനും നടനുമായ കനല്‍ കണ്ണന്‍ അറസ്റ്റില്‍. പുതുച്ചേരിയില്‍നിന്നു സൈബര്‍ ക്രൈം വിഭാഗമാണ് അറസ്റ്റ് ചെയ്തത്.
കണ്ണനെ 26 വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതേസമയം, കണ്ണനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഹിന്ദു മുന്നണി അറിയിച്ചു.
ശ്രീരംഗം ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച സാമൂഹ്യപരിഷ്‌കര്‍ത്താവും ദ്രാവിഡ ചിന്തകനുമായ ഇ വി രാമസ്വാമി നായ്ക്കര്‍ പെരിയാറിന്റെ പ്രതിമ തകര്‍ക്കണമെന്ന് കണ്ണന്‍ പ്രസംഗിച്ചതു വിവാദം സൃഷ്ടിച്ചിരുന്നു. അടുത്തിടെ ഹിന്ദു മുന്നണി സംഘടിപ്പിച്ച യോഗത്തിലായിരുന്നു കണ്ണന്റെ പ്രസംഗം.
കണ്ണന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ തമിഴ്നാട്ടിലെ വിവിധ നഗരങ്ങളില്‍ പൊലീസില്‍ പരാതി ലഭിച്ചിരുന്നു. തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം അംഗങ്ങള്‍ ഓഗസ്ത് ആദ്യവാരം ചെന്നൈയിലെ ഡി ജി പി ഓഫീസില്‍ പരാതി നല്‍കുയുണ്ടായി.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക), 505 (1) (ബി) (പൊതുജനങ്ങളില്‍ ഭയമോ ഭീതിയോ ഉണ്ടാക്കുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കണ്ണനെതിരെ കേസെടുത്തിരിക്കുന്നത്. കണ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദിവസങ്ങള്‍ക്കു മുമ്പ് ജില്ലാ കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്.
കണ്ണന്റെ പരാമര്‍ശത്തെ എ ഐ എ ഡി എ ംകെയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അപലപിച്ചിരുന്നു. എന്നാല്‍ ബി ജെ പി കണ്ണന്റെ പരാമര്‍ശത്തെ അനുകൂലിക്കുകയായിരുന്നു. ശ്രീരംഗം ക്ഷേത്രത്തിനു പുറത്ത് 1000 പേരെ ഉള്‍പ്പെടുത്തി സര്‍വേ നടത്തിയാല്‍ പ്രതിമ അവിടെ വേണ്ടെന്ന് പറയുമെന്നായിരുന്നു ബി ജെ പിയുടെ തമിഴ്‌നാട് ഘടകം അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞത്.
മലയാളം, തമിഴ് ഉള്‍പ്പെടെയുള്ള നിരവധി ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സംഘട്ടന സംവിധാനം നിര്‍വഹിച്ച വ്യക്തിയാണു കനല്‍ കണ്ണന്‍. ഒട്ടേറെ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.