അഗ്‌നിപഥ് പദ്ധതി: ബിഹാറിൽ പ്രതിഷേധം ശക്തം; റെയിൽ, റോഡ് ഗതാഗതം തടഞ്ഞു,പ്രതിഷേധം മറ്റ് സംസ്ഥാനങ്ങളിലേക്കും
പട്‌ന: സായുധസേനകളിലേക്ക് നാലുവര്‍ഷത്തേക്കു നിയമനം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട ‘അഗ്‌നിപഥ്’ പദ്ധതിക്കെതിരേ ബിഹാറില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു. റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെടുത്തിയാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. കണ്ണീര്‍ വാതകം ഉള്‍പ്പെടെയുള്ളവ പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പോലീസ് പിരിട്ടുവിട്ടത്.
ബീഹാറിൽ ഭാഭുവ റോഡ് റെയിൽവേ സ്‌റ്റേഷനിലെ ഇന്റർസിറ്റി എക്‌സ്പ്രസ് ട്രെയിനിന്റെ ചില്ലുകൾ അടിച്ചുതകർക്കുകയും ഒരു കോച്ചിന് തീയിടുകയും ചെയ്തു.സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസമാണ് റെയിൽ, റോഡ് ഗതാഗതം കരസേനാ ഉദ്യോഗാർത്ഥികൾ തടസപ്പെടുത്തുന്നത്.
അറായിലെ റെയിൽവേ സ്റ്റേഷനിൽ, പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസിന് കണ്ണീർ വാതകം പ്രയോഗിക്കേണ്ടി വന്നു. പ്രതിഷേധക്കാർ ഫർണിച്ചറുകൾ ട്രാക്കിലേക്ക് എറിഞ്ഞ് കത്തിച്ചു. തുടർന്ന് തീ അണയ്ക്കാൻ റെയിൽവേ ജീവനക്കാർ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ജഹാനാബാദില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് ചോദ്യംചെയ്ത മറ്റ് യാത്രക്കാര്‍ക്ക് നേരെയും പോലീസിന് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ വിരട്ടിയോടിക്കാനായി പോലീസ് ഇവര്‍ക്ക് നേരെ തോക്കു ചൂണ്ടി. നവാഡയില്‍ ടയറുകള്‍ കത്തിച്ചായിരുന്നു പ്രതിഷേധം.
ഇവിടെനിന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ അക്രമം അഴിച്ചുവിടുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യങ്ങളും വിളിക്കുന്നതും കാണാം. റെയില്‍വേ ട്രാക്കില്‍ പുഷ് അപ്പ് എടുത്തും ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചു.
നാല് വര്‍ഷത്തേക്ക് മാത്രം നിയമനം നല്‍കിയ ശേഷം നിര്‍ബന്ധിത വിരമിക്കലാണ് അഗ്നിപഥ് സ്‌കീമില്‍ പറയുന്നത്. ഇവര്‍ക് പെന്‍ഷ്ന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല. മുസഫര്‍പുരിലെ ഹൈവേയും ബക്‌സറിലെ റെയില്‍പ്പാളവും പ്രതിഷേധക്കാര്‍ ഉപരോധിച്ചു.
അഗ്‌നിപഥ് പദ്ധതിപ്രകാരം നാലുവര്‍ഷം ‘അഗ്‌നിവീര്‍’ ആകുന്നവരില്‍ 25 ശതമാനം പേര്‍ക്കേ സ്ഥിരനിയമനം ലഭിക്കൂ. ഇത് തങ്ങളുടെ തൊഴില്‍സാധ്യതയെ ബാധിക്കുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
ലഖ്‌നൗ-ബറൗണി ദേശീയപാതയില്‍ ഇവര്‍ ടയര്‍ കൂട്ടിയിട്ടു കത്തിച്ചു. കരസേനാ റിക്രൂട്ട്‌മെന്റ് റാലി നടക്കാറുള്ള ചക്കര്‍ മൈതാനത്തിനടുത്തും ഇതേ രീതിയിലുള്ള പ്രതിഷേധമുണ്ടായി. നാലുവര്‍ഷം പൂര്‍ത്തിയാക്കുന്ന ‘അഗ്‌നിവീറുക’ള്‍ക്ക് മറ്റു ജോലികളില്‍ 20-30 ശതമാനം സംവരണമേര്‍പ്പെടുത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
ആരോഗ്യവും അച്ചടക്കവുമുള്ള യുവത്വത്തെ വാർത്തെടുക്കൽ, ഇവർക്ക് ഉന്നത ജീവിത നിലവാരം ഉറപ്പാക്കൽ തുടങ്ങി ബൃഹത് ലക്ഷ്യങ്ങളോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാലു വർഷ സേനാസർവീസിന് (അഗ്നിപഥ്) കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. തിരഞ്ഞെടുക്കപ്പെടുന്നവർ അഗ്നിവീറുകൾ എന്നാണ് അറിയപ്പെടുക. ഇവരിൽ 25 ശതമാനം പേര്‍ക്ക് മാത്രമേ സ്ഥിരം നിയമനം ലഭിക്കുകയുള്ളൂ. ഇത് തൊഴില്‍ സാദ്ധ്യതയെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.