ചെന്നൈ: തമിഴ്നാട് സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു. വാഹനത്തില്‍ നിന്നിറങ്ങി ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞത്. പ്ലക്കാര്‍ഡ് എറിഞ്ഞയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അമിത് ഷായുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അമിത് ഷാ ഗോബാക്ക് എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്റിങ്ങാണ്. ചെന്നൈ എയര്‍പോര്‍ട്ടിന് പുറത്തുള്ള ജിഎസ്ടി റോഡിലൂടെയാണ് അദ്ദേഹം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാനായി നടന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടിയാണ് അദ്ദേഹം തമിഴ്നാട്ടില്‍ എത്തിയത്.
അപ്രതീക്ഷിതമായാണ് പ്രോട്ടോക്കോളുകള്‍ ഒഴിവാക്കി ആഭ്യന്തരമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങി റോഡിലൂടെ നടന്നത്. മുഖ്യമന്ത്രി കെ പളിനസ്വാമിയും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വവും ചേര്‍ന്നാണ് അദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചത്.
എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ, അദ്ദേഹം കാര്‍ നിര്‍ത്തി റോഡരികില്‍ കൂടിനിന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. അമിത് ഷായുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. പൊലീസിന്റെ സുരക്ഷാവലയം ഭേദിച്ചായിരുന്നു പ്ലക്കാര്‍ഡ് എറിഞ്ഞത്.
#WATCH Union Home Minister and BJP leader Amit Shah greets BJP workers lined up outside the airport in Chennai pic.twitter.com/15WPgbsQlN
— ANI (@ANI) November 21, 2020