ദില്ലി: കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതിനെതിരെ രാജ്യസഭയില്‍ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ പാര്‍ലമെന്റ് വളപ്പില്‍ അനിശ്ചിതകാല ധര്‍ണ തുടരുകയാണ്. ഗാന്ധി പ്രതിമയ്ക്കടുത്ത് രാത്രിയിലും സിപിഎം എംപിമാരായ എളമരം കരീം, കെകെ രാഗേഷ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറക് ഒബ്രിയാന്‍, ഡോല സെന്‍, എഎപിയിലെ സഞ്ജയ് സിംഗ്, കോണ്‍ഗ്രസ് എംപിമാരായ രാജീവ് സതവ്, റിപുന്‍ ബോറ, സയിദ് നസീര്‍ എന്നിവര്‍ പ്രതിഷേധം തുടര്‍ന്നു.
ഞങ്ങള്‍ കര്‍ഷകര്‍ക്കായി പോരാടും’, ‘പാര്‍ലമെന്റ് വധിക്കപ്പെട്ടു’ തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് എംപിമാര്‍ കുത്തിയിരിപ്പ് സമരം തുടരുന്നത്. അതേസമയം ബില്ല് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിയെ കാണും. അതിനിടെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് കര്‍ഷക സമരം വ്യാപിക്കുകയാണ്. കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 24മുതല്‍ രാജ്യവ്യാപക സമരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
കാര്‍ഷിക ബില്‍ അവതരിപ്പിക്കുന്നതിനെതിരെ രാജ്യസഭയില്‍ എംപിമാര്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്നാണ് എട്ടുപേരെ സസ്പെന്‍ഡ് ചെയ്തത്. അംഗങ്ങള്‍ക്ക് വിശദീകരിക്കാന്‍ അവസരം നല്‍കണമെന്നും സസ്പെന്‍ഷനെക്കുറിച്ച് വോട്ട് ആവശ്യപ്പെടണമെന്നും പ്രതിപക്ഷം പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.