നടി പ്രിയങ്ക ചോപ്രയും ഗായകന്‍ നിക് ജോനാസും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പ്രിയങ്ക തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കുടുംബത്തിന് പ്രത്യേക പരിഗണന നല്‍കുന്നതിനായി ഈ സമയത്തെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇപ്പോള്‍ പ്രിയങ്കയ്ക്കെതിരേ ഒളിയമ്പുമായി രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. തസ്മീമയുടെ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്.
വാടക ഗര്‍ഭധാരണമെന്നത് സ്വാര്‍ത്ഥതയാണെന്നും എന്തു കൊണ്ടാണ് ദത്തെടുക്കലിന് ഇത്തരക്കാര്‍ തയ്യാറാവാത്തതെന്നും തസ്ലീമ നസ്‌റിന്‍ ചോദിക്കുന്നു. ‘റെഡിമെയ്ഡ്’ കുട്ടികളോട് അമ്മമാര്‍ക്ക് എന്ത് വികാരമാണ് ഉണ്ടാകുകയെന്നും തസ്ലീമ കുറിച്ചു.പാവപ്പെട്ട സ്ത്രീകള്‍ ഉള്ളത് കൊണ്ടാണ് വാടക ഗര്‍ഭ ധാരണം സാധ്യാകുന്നത്.
പണക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി എപ്പോഴും സമൂഹത്തില്‍ ദാരിദ്ര്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഒരു കുഞ്ഞ് വേണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കില്‍ എന്ത് കൊണ്ട് അനാഥനായ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നില്ല. കുഞ്ഞുങ്ങള്‍ തങ്ങളുടേത് തന്നെയാവണമെന്നത് ഒരു സ്വാര്‍ത്ഥതയാണ്-തസ്ലീമ നസ്രിന്‍ ട്വീറ്റ് ചെയ്തു.
ധനികരായ സ്ത്രീകള്‍ വാടകഗര്‍ഭപാത്രം നല്‍കാന്‍ തയ്യാറാകുന്നത് വരെ ഞാന്‍ ഈ ആശയത്തെ സ്വീകരിക്കുകയില്ല. പുരുഷന്‍മാര്‍ ബുര്‍ഖ ധരിക്കാന്‍ തയ്യാറാകുന്നത് വരെ ഞാന്‍ ബുര്‍ഖയെ സ്വീകരിക്കുകയില്ല. സ്ത്രീകളായ ഉപഭോക്താക്കളെ പുരുഷ ലൈംഗികത്തൊഴിലാളികള്‍ കാത്ത് നില്‍ക്കാതെ ലൈംഗികത്തൊഴിലിനെയും ഞാന്‍ അംഗീകരിക്കുകയില്ല. വാടകഗര്‍ഭപാത്രം, ബുര്‍ഖ, ലൈംഗികത്തൊഴില്‍ ഇവയെല്ലാം പാവപ്പെട്ട സ്ത്രീകളെ ചൂഷണത്തിനിരയാക്കുകയാണ്- തസ്ലീമ കുറിച്ചു.
തസ്ലീമയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് പ്രതികരിച്ചത്. ഒരു പ്രായപരിധിയ്ക്ക് ശേഷം ഗര്‍ഭധാരണം സുരക്ഷിതമല്ലാതെ വരുമ്പോള്‍ വാടകഗര്‍ഭപാത്രത്തെ ആശ്രയിക്കുന്നതില്‍ എന്താണ് തെറ്റെന്നും അത് വ്യക്തിപരമായ തീരുമാനമാണെന്നും വിമര്‍ശകര്‍ പറയുന്നു.