ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. അവശ്യസേവനമേഖലയില്‍ ഉള്‍പ്പെടാത്ത എല്ലാ സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. നിലവില്‍ പകുതിപ്പേരുമായാണ് സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം മാതൃകയില്‍ പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം.
ഡല്‍ഹിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കോവിഡ് രോഗികള്‍ 20,000ന് മുകളിലാണ്. ഈ മാസം അവസാനത്തോടെ ഇത് 60,000 ആയി ഉയരാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിച്ചത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പുറമേ ബാറുകളും റെസ്റ്റോറന്റുകളും അടിച്ചിടാനും ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
റെസ്റ്റോറന്റുകള്‍ക്ക് ഹോം ഡെലിവറി തുടരാം. ഹോട്ടലില്‍ പോയി പാര്‍സല്‍ വാങ്ങുന്നതിനും അനുമതിയുണ്ട്. ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇത് ഏഴുമാസത്തെ ഏറ്റവും ഉയര്‍ന്നനിരക്കാണ്. അതേസമയം ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു.