മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ സ്വകാര്യ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. അഞ്ച് യാത്രക്കാരും മൂന്ന് ജീവനക്കാരുമുള്‍പ്പടെ എട്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എട്ടുപേരേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത മഴ പെയ്യുന്നതിനിടെയായിരുന്നു വിമാനത്തിന്റെ ലാന്‍ഡിങ്.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഎസ്ആര്‍ വെന്‍ചേഴ്‌സിന്റെ പേരിലാണ് അപകടത്തില്‍പ്പെട്ട ലിയര്‍ജെറ്റ് 45 വിമാനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിശാഖപട്ടണത്തില്‍ നിന്നാണ് വിമാനമെത്തിയത്. അപകടത്തെത്തുടര്‍ന്ന് കുറച്ചുനേരത്തേക്ക് റണ്‍വേ അടച്ചു. വിമാനത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്.
കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൊംബാര്‍ഡിയര്‍ ഏവിയേഷനാണ് ഒന്‍പത് സീറ്റുള്ള സൂപര്‍-ലൈറ്റ് ബിസിനസ് ജെറ്റ് വിമാനത്തിന്റെ നിര്‍മാതാക്കള്‍.