സംസ്ഥാനത്ത് സ്വകാര്യബസുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ചില ബസുകള്‍ നാളെ മുതല്‍ തന്നെ ഓടുമെന്നും മന്ത്രി അറിയിച്ചു. ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
ബസ് സര്‍വീസുകള്‍ നടത്തില്ലെന്ന സമീപനം ബസുടമകള്‍ക്കില്ല. പ്രയാസങ്ങള്‍ അറിയിക്കുകയാണ് അവര്‍ ചെയ്തതെന്നും അത് സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അറ്റകുറ്റ പണികള്‍ക്കുവേണ്ടിയാണ് സര്‍വീസുകള്‍ വൈകുന്നത്. അത് തീര്‍ത്ത് എത്രയും വേഗത്തില്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ബോട്ട് സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു ഒരു ബോട്ടില്‍ 50% ആളുകള്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ അനുമതിയുള്ളു. ടിക്കറ്റ് നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്.നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജില്ലയിലെ പ്രധാന പൊതുഗതാഗത സര്‍വീസായ ബോട്ടുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യ ദിനം മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ജലഗതാഗത ഡയറക്ടര്‍ വ്യക്തമാക്കി. ഒരു ബോട്ടില്‍ 50% ആളുകള്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവൂ.മിനിമം ടിക്കറ്റ് നിരക്ക് 6 രൂപയില്‍ 8 രൂപയാക്കി. ഒപ്പം 3 കിലോമീറ്റര്‍ കൂടുതല്‍ ദൂരമുള്ള യാത്രയുടെ നിരക്ക് 33% ശതമാനവും വര്‍ധിപ്പിച്ചു. എന്നാലും ബോട്ട് സര്‍വീസ് ആരംഭിച്ചതിന്റെ ആശ്വാസത്തിലാണ് ആലപ്പുഴക്കാര്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കാനാണ് തീരുമാനം.
നേരത്തെരണ്ടു മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളും ഓടിത്തുടങ്ങി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് കെഎസ്ആര്‍ടിസിയുടെ ജില്ലകള്‍ക്കുള്ളിലെ ഓര്‍ഡിനറി സര്‍വീസ്. ഒരു ബസില്‍ മൊത്തം സീറ്റിന്റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുക.
ആലപ്പുഴയില്‍ സര്‍വ്വീസ് നടത്തുന്നത് 122 കെഎസ്ആര്‍ടിസി ബസുകളാണ്. കോട്ടയത്ത് നിന്ന് 102 ബസുകള്‍ സര്‍വീസ് നടത്തും. ഇതില്‍ 21 എണ്ണം ചങ്ങനാശ്ശേരിയില്‍ നിന്നാണ്. ആദ്യ സര്‍വീസ് ഈരാറ്റ് പേട്ടയിലേക്കും മെഡിക്കല്‍ കോളേജിലേക്കും ആയിരുന്നു. തൃശൂര്‍ ജില്ലയില്‍ 92 കെഎസ്ആര്‍ടിസി ബസുകളാണ് ഓടുന്നത്. ചാലക്കുടി, മാള, കൊടുങ്ങല്ലൂര്‍, പുതുക്കാട്, ഗുരുവായൂര്‍, ഇരിഞ്ഞാലക്കുട എന്നിവയാണ് പ്രധാന റൂട്ടുകള്‍. ഒരോ യാത്രയ്ക്കും ശേഷം അതാത് ഡിപ്പോകളില്‍ ബസ് അണുവിമുക്തമാകും. മാസ്‌ക്കും ഗ്ലൗസും അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ബസിലെ ജീവനകാര്‍ക്ക് നല്‍കും.
കൊല്ലം ജില്ലയില്‍ 200 ല്‍ അധികം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. കൊല്ലം ഡിപ്പോയില്‍ നിന്നും 30 ബസുകള്‍ നിരത്തില്‍ ഇറങ്ങും. ആവശ്യക്കാര്‍ കൂടുതലായി എത്തിയാല്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എസ് മെഹബൂബ് അറിയിച്ചു. പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി 78 സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. പത്തനംതിട്ട 13, റാന്നി 5, കോന്നി 6, മല്ലപ്പള്ളി 16, പത്തനാപുരം 8, അടൂര്‍ 14, പന്തളം 5, ചെങ്ങന്നൂര്‍ 7 ,തിരുവല്ല 19 എന്നിങ്ങനെയാണ് ഡിപ്പോ തിരിച്ചുള്ള കണക്ക്.